ബല്‍ജിയത്ത് രാജ്യവ്യാപക പണിമുടക്ക്
ജോസ് കുമ്പിളുവേലിൽ
Wednesday, April 2, 2025 5:21 PM IST
ബ്രസല്‍സ്: ആസൂത്രിത ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേ ബല്‍ജിയത്ത് നടന്ന രാജ്യവ്യാപക പണിമുടക്കില്‍ മേഖലകളെല്ലാം നിശ്ചലമായി. പെന്ഷന് വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത പരിഷ്കാരങ്ങളാണ് ബല്‍ജിയം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
ഇതിനെതിരായി രാജ്യത്തുടനീളം വലിയ സമരമാണ് നടക്കുന്നത്. കടകള്‍ അടഞ്ഞുകിടന്നു. ട്രെയിനുകള്‍ നിശ്ചലമായി. സ്കൂളുകള്‍, മാലിന്യ ശേഖരണം, ചില്ലറ വ്യാപാരം, വിമാനത്താവളങ്ങള്‍ എന്നിവയെയും പണിമുടക്ക് കാര്യമായി ബാധിച്ചു.
പുതിയ വലതുപക്ഷ സര്‍ക്കാരിനെതിരേയാണ് പ്രതിഷേധം. ബല്‍ജിയത്തിലെ തൊഴിലില്ലായ്മ 1970കള്‍ക്ക് ശേഷം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
വിദഗ്ധ തൊഴിലാളികളുടെ കുറവ് വളര്‍ച്ചയെ ഞെരുക്കുന്നതാണെന്ന് തൊഴിലുടമകളുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു.