ബ്ലാക്റോക്ക് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു
ജെയ്സൺ കിഴക്കയിൽ
Monday, March 24, 2025 11:18 AM IST
ഡബ്ലിൻ: മലയാളി സമൂഹവുമായി ഏറെ അടുത്ത ബന്ധം പുലർത്തിപ്പോന്ന ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജ്ൽസ് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു.
ഇദ്ദേഹം വികാരിയായിരുന്ന കാലത്താണ് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ സീറോമലബാർ സഭയുടെ മലയാളം കുർബാന ആരംഭിച്ചത്.
തുടർന്നങ്ങോട്ട് സീറോമലബാർ സഭയുടെ ദേവാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായ സഹകരണവുമായി ഫാ. ഡിർമിറ്റ് മുൻപന്തിയിലുണ്ടായിരുന്നു.
ഡബ്ലിൻ ബ്ലാക്റോക്ക് മേഖലയിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്ക് ഇദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.
മലയാളി സമൂഹത്തിനും സീറോമലബാർ സഭയ്ക്കും ഫാ. ഡെർമിറ്റിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ പറഞ്ഞു.
ഫാ. ഡെർമിറ്റ് ലീകോക്കിന്റെ മരണത്തിൽ ഇദ്ദേഹം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സീറോമലബാർ സഭ ബ്ലാക്റോക്ക് ദേവാലയ വികാരി ബൈജു ഡേവിസ് കണ്ണംപള്ളിയും അനുശോചനം രേഖപ്പെടുത്തി.