കബഡി ലോകകപ്പ്: വെയില്‍സ് ടീമില്‍ ഇടംപിടിച്ച് മലയാളികള്‍
ജോസ് കുമ്പിളുവേലില്‍
Friday, March 21, 2025 11:09 AM IST
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി മത്സരങ്ങളില്‍ വെയില്‍സ് പുരുഷ - വനിതാ ടീമുകളെ പ്രതിനിധീകരിച്ച് മലയാളികൾ. അഭിഷേക് അലക്സ് പുരുഷ ടീമിലു ജീവാ ജോണ്സന്, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവര്‍ വനിതാ ടീമിലുമാണ് പങ്കെടുക്കുന്നത്.
ബിബിസി വര്‍ഷം തോറും നടത്തി വരുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന് ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖ താരമായ സാജു മാത്യുവാണ്.
വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്സിറ്റി ഹള്‍ യോര്‍ക് മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ മകനാണ് ഈ 23 വയസുകാരന്.
നോട്ടിംഗ്ഹാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു ജോസ് എന്നിവരാണ്.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സ്കോട്ലന്ഡ്, ഇറ്റലി, ഹേംകോംഗ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയില്‍സ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ മത്സരത്തില്‍ സ്കോട്ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഇറ്റലിയേയും ഹോംകോംഗിനെയും തറപറ്റിച്ചു ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് വെയില്‍സ് ടീം.
യു കെയിലെ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന മലയാളി താരങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.