ജര്‍മനിയിലെ ടെസ്ല കമ്പനിയില്‍ രോഗികളായ ജീവനക്കാർക്ക് വേതനം നൽകില്ലെന്ന് മസ്ക്
ജോസ് കുമ്പിളുവേലിൽ
Friday, March 21, 2025 6:39 AM IST
ബര്‍ലിന്‍: ടെസ്ല കാർ കമ്പനിയുടെ ബർലിനിലെ നിർമാണ കേന്ദ്രത്തിലെ രോഗികളായ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന ടെക് കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഭീഷണി വിവാദമാകുന്നു. ടെസ്ലയുടെ യൂറോപ്പിലെ പ്രധാന ഫാക്ടറിയാണ് ബർലിനിലേത്.
രോഗാവധിയുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജീവനക്കാരെ ചോദ്യം ചെയ്യുകയും വേതനം തടഞ്ഞുവച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ജർമനിയിലെ പ്രധാന ട്രേഡ് യൂണിയൻ രംഗത്ത് വന്നിട്ടുണ്ട്.
തൊഴിലാളികളോടുള്ള ടെസ്ലയുടെ സമീപനം തെറ്റും നിയമലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബർലിനിൽ പ്രതിഷേധവും ശക്തമാണ്. അതേസമയം രോഗികളായ ജീവനക്കാർക്ക് വേതനം നൽകില്ലെന്ന് ഭീഷണിപ്പെടുത്തി അയച്ച കത്തുകളിന്മേൽ ടെസ്ല മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.
ശമ്പളം നൽകുന്നത് അടിയന്തരമായി നിർത്തണമെന്നും ഇതിനകം നൽകിയ വേതനം തിരിച്ചടയ്ക്കണമെന്നും ഭീഷണിപ്പെടുത്തി ഫാക്ടറി ജീവനക്കാർക്ക് കത്ത് നൽകിയിട്ടുണ്ട്. ബ്രാന്‍ഡന്‍ബര്‍ഗിലെ ടെസ്ള ഗിഗാഫാക്ടറിയില്‍, ജർമന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നതിനപ്പുറം തങ്ങളുടെ രോഗങ്ങൾ തെളിയിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ രോഗാവധിയിലുള്ള ജീവനക്കാർക്ക് കത്ത് അയച്ചതോടെ പ്രശ്നം ആളികത്തുകയാണ്.
ജീവനക്കാരുടെ രോഗാവധി സർട്ടിഫിക്കറ്റുകളിൽ കമ്പനിക്ക് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കത്തുകളെന്നാണ് റിപ്പോർട്ടുകൾ. ജോലി ചെയ്യാൻ ആകില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ കൃത്യമായ രോഗനിർണയനം നടത്തണമെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെ രോഗവിവരങ്ങളിൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ജർമനിയിലെ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഐജി മെറ്റല്‍ ട്രേഡ് യൂണിയന് ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയും അസ്വീകാര്യമായ സമീപനമാണ് മസ്ക്കിന്റേതെന്ന് ആരോപിക്കുകയും ചെയ്തു.
അതേസമയം ബ്രാന്‍ഡന്‍ബര്‍ഗിലെ ഗ്രുണ്ഹൈഡിലുള്ള ടെസ്ല പ്ലാന്റിലെ മാനേജര്‍മാര്‍ ജീവനക്കാർക്കിടയിൽ രോഗികളാകുന്നവരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഇഒ ഇലോണ്‍ മസ്ക് ഈ സാഹചര്യം വ്യക്തിപരമായി ശ്രദ്ധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം രോഗബാധിതരായ തൊഴിലാളികളെ പരിശോധിക്കാന്‍ സൂപ്പര്‍വൈസര്‍മാരെ ജീവനക്കാരുടെ വീടുകളിലേക്ക് അയച്ചത് വിവാദമായിരുന്നു. രോഗാവധിയിലുള്ള ജീവനക്കാർക്ക് വേതനം നൽകണമെന്നതാണ് ജർമനിയിലെ തൊഴിൽ നിയമം.
ആറ് ആഴ്ചയിലേറെയായി രോഗബാധിതരായ തൊഴിലാളികൾ ഒഴികെ മറ്റ് രോഗികളായ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചാൽ നിയമപരമായ പ്രശ്നങ്ങൾ ടെസ്ല നേരിടേണ്ടി വരുമെന്നാണ് വിവരം. യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജർമനിയിലെ രോഗാവധിക്ക് ശമ്പളം ഉണ്ട്.
ജോലിക്ക് ഹാജരാകാത്തതിന്റെ നാലാം ദിവസമെങ്കിലും ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങുന്നത് പോലെ, ശമ്പളം ലഭിക്കുന്നതിന് തൊഴിലാളികള്‍ പാലിക്കേണ്ട മറ്റ് ചില മാനദണ്ഡങ്ങളുണ്ട്. (തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍, തൊഴിലുടമകള്‍ക്ക് ഒരു രോഗാവധി സർട്ടിഫിക്കറ്റ് ഉടന്‍ ആവശ്യമായി വന്നേക്കാം).
അതേസമയം ജർമനിയിലും യൂറോപ്പിലുടനീളമുള്ള വില്‍പ്പനയില്‍ ടെസ്ല ബ്രാന്‍ഡ് വന്‍ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ്.