ബ്ലാക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു
ജെയ്സൺ കിഴക്കയിൽ
Friday, March 21, 2025 7:01 AM IST
ഡബ്ലിൻ: ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജൽസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു. ഇടവകയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി ദേവാലയത്തിൽ മാർച്ച് 16 മുതൽ വി. കുർബാന, നൊവേന എന്നിവ നടന്നു.

തിരുനാൾ ദിനത്തിൽ ആഘോഷമായ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച എന്നിവ നടന്നു. തിരുനാൾ അനുബന്ധിച്ചുള്ള വി. കുർബാനയ്ക്കും മറ്റു തിരുകർമ്മങ്ങൾക്കും വികാരി ഫാ. ബൈജു കണ്ണംപള്ളി, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. പ്രിയേഷ് പുതുശേരി എന്നിവർ കാർമ്മികത്വം വഹിച്ചു.

തിരുനാൾ ദിവസം ജോസഫ് നാമധാരികൾ കാഴ്ചവയ്പ്പും നടത്തി. ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ തിരുനാൾ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.