ലഹരിവ്യാപനം; സർക്കാരുകൾ കണ്ണടയ്ക്കരുതെന്ന് ക്യുകെഐസി
Tuesday, February 11, 2025 4:16 PM IST
ദോഹ: സമൂഹത്തിൽ നാശം വിതയ്ക്കുന്ന ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടികളെടുക്കാൻ തയാറാവണമെന്ന് ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
മാതാപിതാക്കളെയും അധ്യാപകരെയും കൂട്ടുകാരെയും പരസ്യമായി അക്രമിക്കാൻ പുതുതലമുറയz പ്രേരിപ്പിക്കുന്നതിൽ ലഹരിക്കുള്ള പങ്ക് വലുതാണ്. ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ സുലഭമായി മയക്കുമരുന്നുകൾ ലഭ്യമാക്കാൻ മാത്രം ശക്തമായ സംവിധാനമായി ലഹരി മാഫിയ മാറി.
ലഹരിക്കെതിരേയുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. ലഹരിയുടെ വിൽപ്പനയും വിതരണവും തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര സർക്കാർ വരെയുള്ള ഭരണകർത്താക്കൾക്ക് നിർണായകമായ കടമകൾ നിർവഹിക്കാനുണ്ട്. അവർ പരാജയപെട്ടാൽ ഭാവി തലമുറയുടെ നാശത്തിനാണ് അത് കാരണമാവുക എന്ന് സംഗമം മുന്നറിയിപ്പ് നൽകി.
ക്യുകെഐസി വൈസ് പ്രസിഡന്റ് ഉമർ സ്വലാഹിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ "നമ്മുടെ ദൗത്യം നാം വിസ്മരിക്കരുത്' എന്ന വിഷയത്തിൽ ജനറൽ സെക്രട്ടറി മുജീബുറഹ്മാൻ മിശ്കാത്തിയും "സംഘടന, സംഘാടനം' എന്ന വിഷയത്തിൽ സെക്രട്ടറി സെലു അബൂബക്കറും ക്ലാസെടുത്തു
ഓർഗനൈസിംഗ് സെക്രട്ടറി സ്വലാഹുദ്ദീൻ സ്വലാഹി പ്രവർത്തന റിപ്പോർട്ടും രൂപരേഖയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഷബീറലി അത്തോളി സ്വാഗതവും ട്രഷറർ മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു.