യുവകലാസാഹിതി അബുദാബിയുടെ മുഗൾ ഗഫൂർ അവാർഡ് ബാവ ഹാജിക്ക്
അനിൽ സി. ഇടിക്കുള
Monday, February 10, 2025 2:52 PM IST
അബുദാബി: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയവർക്കായി യുവകലാസാഹിതി അബുദാബി നൽകുന്ന "മുഗൾ ഗഫൂർ അവാർഡ്' പി. ബാവ ഹാജിക്ക് സമ്മാനിക്കും.
പ്രവാസഭൂമിയിൽ നീണ്ട 56 വർഷത്തെ സേവനവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് ഈ ആദരവ് നൽകുക. മുഗൾ ഗഫൂറിന്റെ 13-ാം അനുസ്മരണ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
56 വർഷമായി അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീർഘകാലം പ്രസിഡന്റായി തുടരുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്.
അബുദാബി ഇന്ത്യൻ സ്കൂൾ, മോഡൽ സ്കൂൾ, ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായി ഐഐസിയുടെ കീഴിൽ "അൽ നൂർ ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ" ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളിൽ ഒന്നാണ്. ഈ പ്രവർത്തനങ്ങൾക്ക് "പ്രവാസി ഭാരതീയ സമ്മാനം' ലഭിച്ചിട്ടുണ്ട്.
15ന് അബുദാബി കേരളസോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന "യുവകലാസന്ധ്യ 2025'ന്റെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് മന്ത്രി ജി.ആർ. അനിൽ അവാർഡ് ബാവ ഹാജിക്ക് സമർപ്പിക്കും.