പ്രവാസികളോടുള്ള നികുതി വിവേചനത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി
Thursday, February 6, 2025 2:25 PM IST
കുവൈറ്റ് സിറ്റി: പ്രവാസികളോടുള്ള നികുതി വിവേചനത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി എംപി. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, പ്രിൻസ് കൊല്ലപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികൾ നിവേദനം കൈമാറിയപ്പോഴാണ് കുവൈറ്റിലെത്തിയ ജോസ് കെ. മാണി വിഷയം അടിയന്തിരമായി ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിച്ചത്.
2024ൽ കൊണ്ടുവന്ന ധനകാര്യ നിയമത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായി കാണുന്ന നയം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തിരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട്.
ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ പ്രവാസികൾ കൂടുതലായി വരുമാന നികുതി നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും മറ്റുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമും ലീഗൽ സെല്ലിനായി കേന്ദ്ര സർക്കാരിൽ നിവേദനം സമർപ്പിച്ചിരുന്നു. പ്രവാസ മേഖലയിൽ വൻ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ നയം അടിയന്തിരമായി പിൻവലിക്കണമെന്നും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.