കേളി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി അറബ്കോ രാമചന്ദ്രനും
Wednesday, February 5, 2025 3:15 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസി മലയാളികൾക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി പ്രമുഖ വ്യാപാരി അറബ്കോ രാമചന്ദ്രനും.
കുടുംബത്തെ പോറ്റുന്നതിനായി കടൽ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം നാടിന്റെ സമ്പത്ത് ഘടനയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുക കൂടിയാണ് ചെയ്യുന്നത്.
എന്നൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയുള്ള പരിഗണന പോലും പല സന്ദർഭങ്ങളിലും പ്രവാസിക്ക് ലഭിക്കാറില്ല. പെട്ടെന്നൊരു ദിവസം വല്ല അത്യാഹിതം സംഭവിച്ചാൽ അനാഥമായി പോകുന്നതാണ് പല പ്രവാസികളുടെയും കുടുംബങ്ങൾ.
അത്തരം കുടുംബങ്ങളെ ചേർത്ത് പിടിക്കാൻ കേളി മുൻകൈയെടുത്ത് നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി സ്വാഗതാർഹമാണെന്നും ഏതൊരു പ്രവാസിക്കും ചേരാൻ കഴിയുന്ന പദ്ധതിയിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.
തന്റെ സ്ഥാപനത്തിലെ മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സുലൈ ഏരിയാ രക്ഷാധികാരി സമിതി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി, ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ, ഏരിയ വൈസ് പ്രസിഡന്റ് സുനിൽ, ജോയിന്റ് ട്രഷറര് അയ്യൂബ് ഖാൻ, ഏരിയ കമ്മിറ്റി അംഗം ഇസ്മായിൽ, ടവർ യൂണിറ്റ് പ്രസിഡന്റ് അശോകുമാർ എന്നിവർ നേതൃത്വം നൽകി.
പൂർണമായും ഇന്ത്യൻ നിയമത്തിന് കീഴിയിൽ തയാറാക്കിയിട്ടുള്ള പദ്ധതി, കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചരിറ്റബിൾ സൊസൈറ്റിയാണ് നടപ്പിലാക്കുന്നത്.
250 ഇന്ത്യൻ രൂപ അടച്ച് അംഗമാകുന്ന ഒരാൾക്ക് ഒരു വർഷത്തെ പരിരക്ഷയാണ് കേളി നൽകുന്നത്. പദ്ധതി കാലയാളയിൽ പ്രവാസം അവസാനിപ്പിച്ചാലും കാലാവധി തീരുന്നത് വരെ പരിക്ഷ ലഭിക്കും.
ആദ്യ വർഷം എന്ന നിലയിൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയാണ് പരിരക്ഷയായി പ്രഖ്യാപിച്ചിട്ടുള്ളത്. തുടർ വർഷങ്ങളിൽ വിവിധ ചികിത്സാ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
പദ്ധതിയുടെ ഭഗമാകുന്നതിന്ന് കേളി പ്രവർത്തകരുമായി ബന്ധപ്പെടുകയോ ഓൺലൈനിലൂടെയോ പങ്കുചേരാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.