ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടന്നു
അബ്ദുല്ല നാലുപുരയിൽ
Thursday, February 6, 2025 2:48 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രേമികളായ കുറച്ച് സുഹൃത്തുക്കൾ ചേർന്നു നിർമിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കുള്ള മെമെന്റോ വിതരണവും "ആദരം 2025' എന്ന പേരിൽ ഫഹാഹീൽ യൂണിറ്റി ഹാളിൽ വച്ച് നടന്നു.
സായി അപ്പുകുട്ടൻ മുഖ്യാതിഥിയായിരുന്നു. കുവൈറ്റ് സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ ജിനു വൈക്കത്തിനെയും കുവൈറ്റിൽ ഏറ്റവും കൂടുതൽ സിനിമകൾ എഡിറ്റ് ചെയ്ത കലാകാരൻ ബിജു ഭദ്രയെയും സായി അപ്പുകുട്ടനും സതീഷ് മങ്കടയും സീനു മാത്യൂസും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.
പ്രോഗ്രാം ഡയറക്ടർ സതീഷ് മങ്കട സ്വാഗതം പറഞ്ഞു. വിനു രുദ്രയും ആദിത്യ സതീഷും ചേർന്ന് പ്രോഗ്രാം നിയന്ത്രിച്ചു. ഹ്രസ്വചിത്രങ്ങളായ ലച്ചു, അസ്തിത്വ, നൈറ്റ് ഡ്രൈവ്, ഫീൽ, അപ്പ, ലൈഫ് ഓഫ് ഡേയ്സ്, ഏകം എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ചെറു സിനിമകളുടെ ആസ്വാദനത്തോടൊപ്പം നൃത്തവും ഗാനങ്ങളും ഉണ്ടായിരുന്നു. പ്രോഗ്രാം കോഓർഡിനേറ്റർമാരായ മുസ്തഫ അരീക്കോട്, സതീഷ് പൂയത്ത്, അബ്ദുൾറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാഹിദ് സി.എ നന്ദി പറഞ്ഞു.