ക്യുകെഐസി ഇൻജാസ് ക്രിക്കറ്റ് ടൂർണമെന്റ്: വൈറ്റ് ആർമി ചാമ്പ്യന്മാർ
Thursday, February 6, 2025 2:14 PM IST
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് സംഘടിപ്പിച്ചു വരുന്ന വിവിധ കായിക മത്സരങ്ങളിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റെഡ് വാരിയേഴ്സിനെ ഫൈനലിൽ പരാജയപ്പെടുത്തി വൈറ്റ് ആർമി ചാമ്പ്യന്മാരായി.
ലൂസേഴ്സ് ഫൈനലിൽ ബ്ലൂ ലെജൻഡ്സിനെ പരാജയപ്പെടുത്തി യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനക്കാരായി. ആദ്യകളിയിൽ നൗഫൽ, ശംസുദ്ധീൻ എന്നിവരുടെ ബാറ്റിംഗ് മികവിൽ ബ്ലൂ ലെജന്ഡ്സ് എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിൽ മൂന്നു ബോൾ ബാക്കി നിൽക്കേ അബ്ദുല്ല, ഷബീർ എന്നിവരിലൂടെ വൈറ്റ് ആർമി ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സ്കോർ പിറന്ന രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെഡ് വാരിയേഴ്സിന് വേണ്ടി അഫ്നാസും അർഷാദും നൽകിയ മികച്ച തുടക്കത്തിലൂടെ ഒരു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുത്തു. പത്തൊൻപതു റൺസിനായിരുന്നു റെഡ് വാരിയേഴ്സിന്റെ വിജയം. ലൂസേഴ്സ് ഫൈനലിൽ ആഷിക്, നൗഫൽ എന്നിവരുടെ ബാറ്റിംഗ് മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബ്ലൂ ലെജന്ഡ്സ് ഉയർത്തിയ 82 റൺസിന്റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കേ ജംഷീദ്, ഷുഹൈബ് എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിൽ യെല്ലോ സ്ട്രൈക്കേഴ്സ് മറികടക്കുയായിരുന്നു.
![](/nri/redarmy6225.jpg)
ഫൈനലിൽ ആദ്യകളിയിലെ മികവ് കണ്ടെത്താൻ പ്രയാസപ്പെട്ട റെഡ് വാരിയേഴ്സ് 78 റൺസിന്റെ വിജയലക്ഷ്യം കുറിച്ചെങ്കിലും 5.4 ഓവറിൽ സുനീറിന്റെയും ശുഹൈബിന്റെയും മികവിൽ വൈറ്റ് ആർമി കിരീടത്തിലേക്കെത്തുകയായിരുന്നു.
ടൂർണമെന്റിലുടനീളം ഓൾറൗണ്ട് മികവ് കാണിച്ച വൈറ്റ് ആർമിയിലെ സുനീർ മികച്ച താരമായും റെഡ് വാരിയേഴ്സിന് വേണ്ടി ഒരു അർദ്ധസെഞ്ചുറി അടക്കം മികച്ച തുടക്കം നൽകിയ ഓപ്പണർ അഫ്നാസ് മികച്ച ബാറ്ററായും ഫൈനലിലെ മിന്നും പ്രകടനമടക്കകം അച്ചടക്കത്തോടെ പന്തെറിഞ്ഞ റെഡ് വാരിയേഴ്സിലെ മിർഷാദ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
ക്യുകെഐസി ട്രഷറർ മുഹമ്മദലി മൂടാടി, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ, ഷഹാൻ വി.കെ, അബ്ദുല്ലത്തീഫ് മയ്യിൽ, മുഹമ്മദ് ഫബിൽ, ഫൈസൽ സലഫി തയ്യിൽ, മുഹമ്മദ് അർഷദ്, ശംസുദ്ധീൻ സലഫി, മുഹമ്മദ് അൻസീർ എന്നിവർ വിജയികളെ ആദരിച്ചു.