കേരള സോഷ്യൽ സെന്ററിൽ കുട്ടികളുടെ നാടകോത്സവം സംഘടിപ്പിച്ചു
അനിൽ സി. ഇടിക്കുള
Friday, February 7, 2025 8:00 AM IST
അബുദാബി: കെഎസ്സിയുടെ ആഭിമുഖ്യത്തിൽ മടവൂർ കൊച്ചുനാരായണപിള്ള സ്മാരക നാടകോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാത്രമായുള്ള നാടകമത്സരത്തിന്റെ ഉദ്ഘാടനം ഭാരത് മുരളി നാടകോത്സവത്തിലെ മികച്ച ബാലതാരം സാക്ഷിത സന്തോഷ് നിർവഹിച്ചു.
തിരുവനന്തപുരത്തു വെഞ്ഞാറമൂടിനടുത്തുള്ള ആലന്തറയിലെ രംഗ പ്രഭാത് എന്ന കുട്ടികളുടെ നാടകവേദിയുടെ സ്ഥാപകനും കുട്ടികളുടെ നാടകരംഗത്തെ ആചാര്യനുമായ മടവൂർ കെ കൊച്ചുനാരായണപിള്ളയുടെ സ്മരണാർഥമാണ് നാടകോത്സവം സംഘടിപ്പിച്ചത്.
ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്റ് ആർ ശങ്കർ, ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ്, വൈസ് പ്രസിഡന്റ് നീരജ് വിനോദ് എന്നിവർ ആശംസകൾ നേർന്നു.
കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ കൊച്ചുനാരായണ പിള്ളയെ അനുസ്മരിച്ചു. യൂനിക്വൽ ബ്രയിൻസിലെ പ്രത്യേക ശേഷിയുള്ള കുട്ടികൾ അവതരിപ്പിച്ച നൃത്ത അവതരണങ്ങൾ സദസിനു പുത്തൻ അനുഭവമായി.
ശക്തി തീയേറ്റേഴ്സ് നാദിസിയ മേഖല അവതരിപ്പിച്ച ജംബൂകവടരം, അബുദാബി മലയാളി സമാജം ബാലവേദി അവതരിപ്പിച്ച മഴയും വെയിലും, ശക്തി തിയറ്റേഴ്സ് സനയ മേഖല അവതരിപ്പിച്ച ലക്കി ഫ്രണ്ട്സ്, യുവകലാസാഹിതിയുടെ തീൻ മേശയിലെ ദുരന്തം, കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ ഇമ്മിണി വലിയ ചങ്ങായിമാർ, ശക്തി തിയറ്റേഴ്സ് നിദിസിയ മേഖലയുടെ കാഞ്ചനമാല, ശക്തി തിയറ്റേഴ്സ് ഖാലിദിയ മേഖല അവതരിപ്പിച്ച കോട്ടേം കരിം എന്നീ നാടകങ്ങളാണ് അരങ്ങേറിയത്.
സമാപന സമ്മേളനത്തിൽ ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകരായ ഒ.ടി. ഷാജഹാനും സുബാഷ് ദാസും നാടകങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തി.