മാധ്യമ രംഗത്തെ സംഭാവനകൾക്കുള്ള "ഷിഫ എക്സലൻസ് അവാർഡുകൾ' പ്രഖ്യാപിച്ചു
അബ്ദുല്ല നാലുപുരയിൽ
Saturday, February 8, 2025 3:42 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്, മാധ്യമ രംഗത്തെ മികച്ച സേവനങ്ങൾ മുൻ നിർത്തി കുവൈറ്റിലെ രണ്ടു മുൻനിര മാധ്യമപ്രവർത്തകർക്ക് ഷിഫ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കുമെന്ന് ഷിഫ അൽ ജസീറ ഓപ്പറേഷൻസ് ഹെഡ് അസിം സേട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 25, 26, 27 തീയതികളിൽ ഡോക്ടർ കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. ലബോറട്ടറി സേവനങ്ങൾക്ക് 30 ശതമാനം വരെ ഡിസ്കൗണ്ട് അടക്കമുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ മികച്ച മാധ്യമ സംസ്കാരം നിലനിർത്തുന്നതിൽ പങ്കുവഹിച്ചതിന് ഗൾഫ് മധ്യമത്തിന്റെ കുവൈറ്റ് ഹെഡ് നജീബ് സി. കെക്ക് "മീഡിയ റിലേഷൻസ് ഇംപാക്റ്റ്' അവാർഡും കണക്ഷൻസ് മീഡിയ സിഇഒയും ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് കോഓർഡിനേറ്ററുമായ നിക്സൺ ജോർജിന് "ഔട്ട്സ്റ്റാൻഡിംഗ് മീഡിയ ലീഡർഷിപ്പ്' അവാർഡും നൽകും.
ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ മാസം 20നു നടക്കുന്ന ചടങ്ങിൽ ഷിഫയുടെ മൂന്ന് ശാഖകളിൽ 10 വർഷവും 15 വർഷവും സേവനം പൂർത്തിയാക്കിയ ജീവനക്കാരെ പ്രത്യേകം ആദരിക്കും. ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ സംഗീത മേള പരിപാടിക്ക് കൊഴുപ്പ് കൂട്ടും.
നിലവിൽ ഫർവാനിയ, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലാണ് ഷിഫ ഗ്രൂപ് ഹോസ്പിറ്റലുകൾ പ്രവർത്തിക്കുന്നത്. സൽമിയ, ജഹ്റ എന്നിവിടങ്ങളിൽ പുതിയ ഡേ കെയർ ഹോസ്പിറ്റലും മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററും ഈ വർഷം തന്നെ ആരംഭിക്കും.
മാർക്കറ്റിംഗ് മാനേജർ മുനാ ഹസൻ, മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ, ഹെഡ് ഓഫ് അക്കൗണ്ട്സ് അബ്ദുൽ റഷീദ് .പി, ഷിഫ ഫഹാഹീൽ ബ്രാഞ്ച് മാനേജർ ഗുണശീലൻ പിള്ള, ജലീബ് അൽ നാഹിൽ ക്ലിനിക് മാനേജർ വിജിത നായർ, സുബൈർ മുസ്ലിയാരകത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബംന്ധിച്ചു.