ഒഐസിസി യുകെ എലിഫൻഡ് ആൻഡ് കാസിൽ റീജിയണിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റോമി കുര്യാക്കോസ്
Wednesday, January 29, 2025 11:07 AM IST
ലണ്ടൻ: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓർമ പുതുക്കി രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഒഐസിസി യുകെ എലിഫൻഡ് ആൻഡ് കാസിൽ റീജിയണിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.
ജനുവരി 26ന് രാവിലെ 10.30ന് ലണ്ടൻ പാർലിമെന്റ് സ്ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നിൽ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഒഐസിസി യുകെ നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിർന്ന നേതാവുമായ സി. നടരാജൻ നിർവഹിച്ചു.
മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നിൽ പ്രവർത്തകർ അർപ്പിച്ച പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഒഐസിസി യുകെ നാഷണൽ ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.
റീജിയൺ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിന്ദുമോൻ തനക്കൽ (മോഹൻ) സ്വാഗതം ആശംസിച്ചു. ഒഐസിസി യുകെ നാഷണൽ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നൽകി.
നാഷണൽ വർക്കിംഗ് പ്രസിഡന്റുമാരായ അപ്പ ഗഫൂർ, സുജു കെ. ഡാനിയൽ, വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജമാൽ, രാജൻ പടിയിൽ, ഡോ. ജെസ്ന ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്കുള്ള നന്ദി റീജിയൺ ട്രഷറർ അഷ്റഫ് മരുതിൽ രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.