ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം: പരിശോധന ശക്തമാക്കി യുഎഇ
Friday, January 24, 2025 12:53 PM IST
ദുബായി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർഥങ്ങൾക്കെതിരേ യുഎഇയിൽ പരിശോധന ശക്തമാക്കി. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിച്ചതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്.
കേക്കുകൾ, മിഠായികൾ, സ്നാക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന റെഡ് നമ്പർ3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്.
ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നായിരുന്നു നിരോധനം. യുഎഇയിൽ നടപടിയുടെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.