വീസ പ്രശ്നത്തിൽ കുരുങ്ങിയ ആന്ധ്ര സ്വദേശിനി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
Wednesday, January 22, 2025 4:59 PM IST
ദമാം: വീസ സംബന്ധമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയ ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമക്കുരുക്കുകൾ പരിഹരിച്ച് നാട്ടിലേക്ക് മടങ്ങി.
ആന്ധ്രപ്രദേശുകാരിയായ ഭാരതി ഒരു വർഷം മുൻപാണ് വീട്ടുജോലിക്കാരിയായി ഖത്തറിൽ വന്നത്. പിന്നീട് സ്പോൺസർ ഭാരതിയെ വിസിറ്റിംഗ് വീസയിൽ സൗദി അറേബ്യയിലെ നൈരിയ എന്ന സ്ഥലത്ത് കൊണ്ടുവരികയായിരുന്നു.
അവിടെ വീട്ടിൽ ജോലിക്ക് നിർത്തിയ ഭാരതിയുടെ വിസിറ്റിംഗ് വീസ, കൃത്യസമയത്തു പുതുക്കാൻ സ്പോൺസർ വിട്ടു പോയതിനാൽ, വീസ കാലാവധി അവസാനിക്കുകയും ഭാരതി നിയമവിരുദ്ധമായി തങ്ങുന്ന സന്ദർശകയായി മാറുകയുമായിരുന്നു. അങ്ങനെ ഭാരതിക്ക് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങി പോയി.
നാട്ടിൽ പോകണം എന്ന് ഭാരതി നിരന്തരം ആവശ്യപ്പെട്ടപ്പോൾ വീസ തീർന്നതിന്റെ വലിയ പിഴ അടക്കാൻ കഴിയാത്തത് കൊണ്ട്, സ്പോൺസർ നാരിയയിലെ ഇന്ത്യൻ സാമൂഹികപ്രവർത്തകൻ അൻസാരിയുമായി ബന്ധപെടുകയും പാസ്പോർട്ട് കളഞ്ഞു പോയെന്നും പറഞ്ഞു ഭാരതിയെ ഏൽപ്പിക്കുകയും ചെയ്തു.
അൻസാരി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. മഞ്ജുവിന്റെ നിർദേശമനുസരിച്ചു അൻസാരി ഭാരതിയെ ദമാമിൽ മഞ്ജുവിന്റെ അടുത്തേയ്ക്ക് അയച്ചു. അങ്ങനെ ഭാരതി ദമാമിൽ എത്തി മഞ്ജുവിന്റെ കുടുംബത്തോടൊപ്പം താമസിച്ചു.
മഞ്ജു വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചു. ഭാരതിയുടെ കേസിൽ ഇടപെടാൻ എംബസി മഞ്ജുവിന് അധികാരപത്രം നൽകുകയും നാട്ടിലേയ്ക്ക് മടങ്ങാൻ ഔട്ട്പാസ് നൽകുകയും ചെയ്തു.
തുടർന്ന് മഞ്ജു ഭാരതിയെ ഡീപോർട്ടേഷൻ സെന്ററിൽ കൊണ്ട് പോയി തമിഴ് സാമൂഹ്യപ്രവർത്തകനായ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി. കുറെ പ്രാവശ്യം നടന്നിട്ടാണെങ്കിലും ഫൈൻ അടക്കാതെ തന്നെ ഭാരതിയ്ക്ക് എക്സിറ്റ് തരപ്പെടുത്താൻ മഞ്ജുവിന് കഴിഞ്ഞു.
നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്നു എല്ലാവർക്കും നന്ദി പറഞ്ഞു ഭാരതി നാട്ടിലേയ്ക്ക് മടങ്ങി.