പരചിത്തപ്രവേശമാണ് ഭരത് മുരളിയിൽ കാണാൻ കഴിഞ്ഞത്: പ്രേംകുമാർ
അനിൽ സി. ഇടിക്കുള
Friday, January 24, 2025 10:39 AM IST
അബുദാബി: നാടകത്തിൽ നിന്നുമാർജിച്ച കരുത്തിന്റെയും അനുഭവത്തിന്റെയും ബലത്തിൽ സിനിമാലോകത്തേക്ക് വന്ന ഭരത് മുരളി കൈകാര്യം ചെയ്ത ഏത് കഥാപാത്രമെടുത്ത് പരിശോധിച്ചാലും അദ്ദേഹത്തിൽ കാണാൻ കഴിയുന്നത് കഥാപാത്രത്തിന്റെ പരകായപ്രവേശമല്ല ഹൃദയവും മനസും അറിഞ്ഞ പരചിത്തപ്രവേശമാണെന്ന് ചലച്ചിത്ര നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ അഭിപ്രായപ്പെട്ടു.
13-ാമത് ഭരത് മുരളി നാടകോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഭരത് മുരളി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകമായാലും സിനിമയായാലു മാധ്യമങ്ങളുടെ മാറുന്ന സവിശേഷതകൾക്കനുസൃതമായി പാകപ്പെടുന്ന തരത്തിൽ തന്റെ അഭിനയത്തെ, സർഗപരമായ ശേഷിയെ ഔചിത്യപൂർവം വ്യന്യസിക്കാനുള്ള കഴിവായിരുന്നു ഭരത് മുരളി എന്ന നടന്റെ വിജയം. അദ്ദേഹത്തിന്റെ "അഭിനയത്തിന്റെ രസതന്ത്രം' എന്ന പുസ്തകം അഭിനയവിദ്യാര്ഥികള് വായിച്ചിരിക്കേണ്ട ഒന്നാണ് എന്ന് പ്രേം കുമാർ പറഞ്ഞു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, നാടക പ്രവർത്തകരായ ഡോ.രാജ വാര്യർ, കെ.എ.നന്ദജൻ, ഇന്ത്യ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് സുജിത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ, വനിതാവിഭാഗം ആക്ടിംഗ് കൺവീനർ രജിത വിനോദ്, ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് എന്നിവർ പങ്കെടുത്തു.