അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു
അനിൽ സി ഇടിക്കുള
Thursday, January 23, 2025 12:43 PM IST
അബുദാബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്സി) സംഘടിപ്പിക്കുന്ന പതിമൂന്നാമത് യുഎഇ ഇന്ത്യ ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും. മൂന്ന് ദിവസം നീളുന്ന ഉത്സവം ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് ഭക്ഷണം, കരകൗശലസാമഗ്രികൾ, കലാപരിപാടികൾ, ഗാനമേള, വിദ്യാർഥികളുടെ എക്സിബിഷൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉത്ഘാടനദിവസം പ്രശസ്തപിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേള അരങ്ങേറും. 24, 25, 26 തീയതികളിലായി 35,000 പേർ ഫെസ്റ്റിന് എത്തുമെന്നാണ് പ്രതീക്ഷ. ഉത്സവത്തോടനുബന്ധിച്ച് മെഗാ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു.
10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേർക്കു വീതം എട്ട് ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങിയ സമ്മാനങ്ങളുമുണ്ടാകും.
ഐഎസ്സിയുടെ എതിർവശത്തായി 300ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജയറാം റായ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐഎസ്സിസി ഭാരവാഹികളായ രാജേഷ് ശ്രീധരൻ, ദിനേശ് പൊതുവാൾ, കെ.എം. സുജിത്ത്, അരുൺ ആൻഡ്രൂ വർഗീസ്, പ്രായോജകരായ അമൽജിത്ത് എ. മേനോൻ, ഡോ. തേജ രാമ, റഫീഖ് കയനയിൽ എന്നിവർ പങ്കെടുത്തു.