വിമാനടിക്കറ്റ് വില നിയന്ത്രിക്കാനുള്ള നിയമ നിർമാണങ്ങൾ നടത്താൻ സർക്കാർ തയാറാവണം: നവയുഗം
Thursday, January 23, 2025 4:14 PM IST
അബുദാബി: വിമാന ഇന്ധനത്തിന് ഇത്രയധികം വില കുറഞ്ഞിരിക്കുന്ന ഈ കാലത്തും ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കാനായി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന കമ്പനികളെ നിലയ്ക്ക് നിർത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് നവയുഗം സാംസ്കാരിക വേദി ദോസരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
വിമാനടിക്കറ്റ് വില നിയന്ത്രിക്കാനുള്ള ശക്തമായ നിയമ നിർമാണങ്ങൾ സർക്കാർ നടത്തണം. ട്രെയിൻ യാത്രാ നിരക്കുകൾ മുതൽ ബസ്, ഓട്ടോറിക്ഷ നിരക്കുകൾ വരെ നിയന്ത്രിക്കുന്ന സർക്കാരുകൾ, വിമാന ടിക്കറ്റ് നിരക്കുകൾ കൂടി നിയന്ത്രിക്കാൻ തയാറാകണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുഗ്ബ ദോസരി നവയുഗം ഓഫീസ് ഹാളിൽ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് പ്രിജി ഉദ്ഘാടനം ചെയ്തു. തുഗ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ സംഘടനാ അവലോകനം നടത്തി. യോഗത്തിന് സുറുമി സ്വാഗതവും നസീം നന്ദിയും പറഞ്ഞു
നവയുഗം ദോസരി യൂണിറ്റ് പുതിയ ഭാരവാഹകളായി സജു സോമൻ (പ്രസിഡന്റ്), എബിൻ ബേബി (സെക്രട്ടറി), ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.