മീറ്റ്ന ശ്രീരാമകൃഷ്ണ ആശ്രമം രാമകൃഷ്ണമഠത്തിൽ ലയിച്ചു
1549610
Tuesday, May 13, 2025 6:12 PM IST
ഒറ്റപ്പാലം: മീറ്റ്നയിലെ ശ്രീരാമകൃഷ്ണാശ്രമം ബേലൂരിലെ രാമകൃഷ്ണമഠത്തിൽ ലയിച്ചു. നിർമലാനന്ദസ്വാമിയുടെ സമാധിമണ്ഡപവും ക്ഷേത്രവുമുൾപ്പെട്ട പ്രധാന ആശ്രമമാണ് രാമകൃഷ്ണമഠത്തിൽ ലയിക്കുന്നത്. ബുദ്ധപൂർണിമദിനത്തിൽ വിവിധ ചടങ്ങുകൾക്കുശേഷം ആശ്രമത്തിന്റെ കൈമാറ്റം നടന്നു. ഒറ്റപ്പാലത്തെ ആശ്രമം സ്ഥാപിച്ചിട്ട് അടുത്തവർഷം ഒരുനൂറ്റാണ്ട് തികയാനിരിക്കെയാണു കൈമാറ്റം.
1911 നും 1938 നും ഇടയിൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ നിർമലാനന്ദ സ്വാമി കേരളത്തിൽ 17 ആശ്രമങ്ങൾ സ്ഥാപിച്ചിരുന്നുവെന്ന് റിട്ട. പ്രഫ.എസ്. രാജശേഖരൻ നായർ പറയുന്നു. 1926 ലാണ് ഒറ്റപ്പാലം മീറ്റ്നയിൽ ഭാരതപ്പുഴയോരത്ത് ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചത്. തുടക്കകാലത്ത് രാമകൃഷ്ണമഠത്തിനു കീഴിൽതന്നെയാണ് ഒറ്റപ്പാലത്തെ ആശ്രമം ഉൾപ്പെടെ പ്രവർത്തിച്ചത്.
1938-ൽ ഒറ്റപ്പാലത്തെ ആശ്രമത്തിൽവെച്ചാണ് നിർമലാനന്ദസ്വാമി സമാധിയാകുന്നത്. പിന്നീട് 1942-ൽ കേരളത്തിലെ എട്ട് ആശ്രമങ്ങൾ മഠത്തിൽനിന്നുമാറി സ്വതന്ത്രമായി പ്രവർത്തനം തുടങ്ങി. ഇതിൽ നാല് ആശ്രമങ്ങൾ നേരത്തെ വീണ്ടും ബേലൂർ രാമകൃഷ്ണമഠവുമായി ലയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒറ്റപ്പാലത്തെ ആശ്രമവും രാമകൃഷ്ണമഠത്തിന്റെ കീഴിലേക്കാവുന്നതെന്നും എസ്. രാജശേഖരൻ നായർ പറയുന്നു.
നിർമലാനന്ദസ്വാമിയുടെ സമാധിമണ്ഡപമുള്ള ആശ്രമമാണെന്ന പ്രത്യേകതയും ഒറ്റപ്പാലത്തിനുണ്ട്.