മഴപെയ്താൽ ഐശ്വര്യ കോളനിക്കാർക്കു ദുരിതം
1549609
Tuesday, May 13, 2025 6:12 PM IST
ഒലവക്കോട്: മഴപെയ്തുതുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണം. വെള്ളം നിറഞ്ഞു വീടുകളിലേക്കു കയറുന്പോൾ ലോഡ്ജുകളിലേക്കോ ബന്ധുവീടുകളിലേക്കോ താമസംമാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചിട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനിനിവാസികൾ പറയുന്നു.
കോളനിക്കുപിറകിലൂടെ പോകുന്ന അന്പാട്ടുതോട് നിറഞ്ഞാണ് വെള്ളം കയറുന്നത്. മൈനർ ഇറിഗേഷന്റേതാണ് ഈ തോട്. താണാവ് പ്രദേശം താണ്ടി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡ് കടന്നാണ് ഈ തോട് പോകുന്നത്. പരിസരങ്ങളിലെ ഹോട്ടലുകളിലെ ശുചിമുറിമാലിന്യമടക്കം ഇതിലേക്കാണ് ഒഴുകുന്നത്.
മാത്രമല്ല തോട്ടിൽ പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതും വലിയൊരു ആൽമരം നിൽക്കുന്നതും നീരൊഴുക്ക് തടയുകയും വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇതിനുപുറമെ സ്വകാര്യവ്യക്തികൾ തോട് കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്പോൾ തോട് വീതികുറയുന്ന തോടെ വെള്ളം കവിഞ്ഞൊഴുകാൻ കാരണമാകുന്നു.
ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതും വരുന്നതും മൂക്കുപൊത്തി വേണം. ഈ മാലിന്യക്കൂന്പാരങ്ങളൊന്നും നഗരസഭ ആരോഗ്യവിഭാഗം കാണുന്നില്ലേയെന്ന് ഇതുവഴി പോകുന്ന യാത്രക്കാരും പരിസരത്തെ വ്യാപാരികളും ചോദിക്കുന്നു.
മാലിന്യംനിറഞ്ഞ ഈ തോട്ടിൽനിന്നും ഈച്ചയടക്കമുള്ള പ്രാണികളും മറ്റും പറന്ന് പരിസരത്തെ ഹോട്ടലുകളിലെ ഭക്ഷണപദാർഥങ്ങളിൽ ചെന്നിരുന്ന് രോഗങ്ങൾ പരത്തുമോ എന്ന ഭീതിയും നാട്ടുകാർ പങ്കുവയ്ക്കുന്നു.
പത്തിനു നടന്ന ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസിനോട് കോളനി ഭാരവാഹികൾ ഇക്കാര്യം പറഞ്ഞ് നിവേദനം നൽകി. അദ്ദേഹം സ്ഥലം സന്ദർശിച്ച് ഇറിഗേഷനുമായി ബന്ധപ്പെട്ട് വേണ്ടതായ നടപടിയെടുക്കാമെന്ന ഉറപ്പു നൽകിയതായി ഐശ്വര്യ കോളനി പ്രസിഡന്റ് അഡ്വ. സ്റ്റാൻലി ജെയിംസ്, വൈസ് പ്രസിഡന്റ് ഹംസ എന്നിവർ അറിയിച്ചു.