വണ്ടിത്താവളം നാലുമൊക്ക് പാതയിൽ അണഞ്ഞ ഹൈമാസ്റ്റ് ശരിയാക്കണം
1549597
Tuesday, May 13, 2025 6:05 PM IST
വണ്ടിത്താവളം: ടൗൺ നാലുമൊക്ക് റോഡിൽ ഹൈമാസ്റ്റ് അണഞ്ഞ് രണ്ടാഴ്ചയായിട്ടും ശരിയാക്കാത്തതിൽ യാത്രക്കാരുടേയും വ്യാപാരികളുടേയും പ്രതിഷേധം ശക്തം.
ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസിക്കാണ് ഹൈമാസ്റ്റ് ലാമ്പിന്റെ സംരക്ഷണചുമതല. ഏജൻസി ഇതിന് സമ്മതപത്രം നൽകിയാണ് ബിൽതുക വാങ്ങി സ്ഥലംവിട്ടത്. പിന്നീട് മൊബൈലിൽ വിളിച്ചാൽ ദൂരസ്ഥലത്താണെന്ന് മുടന്തൻ ന്യായവാദം പറഞ്ഞ് ഒഴിയുകയാണ് പതിവ്.
വൈകുന്നേരം ആറുമുതൽ 8 വരേയും നിലക്കാത്ത വാഹനസഞ്ചാരമുള്ളിടത്താണ് ഹൈമാസ്റ്റ് അണഞ്ഞുകിടക്കുന്നത്. സ്ഥലത്ത് യാത്രക്കാർ രാത്രിസമയത്ത് വിളയോടി റോഡിൽ ബസ് കാത്ത് നിൽക്കുന്നത് അപകടഭീതിയിലാണ്. മുന്പ് ഈ സ്ഥലത്ത് കാറിടിച്ച് വയോധികൻ തൽക്ഷണം മരണപ്പെട്ട അപകടവും നടന്നിട്ടുണ്ട്.