സ്ത്രീകൾക്കു വനിതാ അവകാശപദ്ധതി; ജൂൺ നാലിന് അപേക്ഷ നൽകാം
1549598
Tuesday, May 13, 2025 6:05 PM IST
കോയന്പത്തൂർ: 2023 സെപ്റ്റംബർ മുതൽ തമിഴ്നാട്ടിൽ വനിതാ അവകാശ പദ്ധതി നടപ്പിലാക്കിവരികയാണ്. 1.14 കോടി സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1000 രൂപ നേരിട്ട് നൽകുന്നു.
എല്ലാ മാസവും 15 ാം തിയതി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇതുവരെ മൂന്ന്ഘട്ട ക്യാമ്പുകൾ നടത്തി യോഗ്യരായ സ്ത്രീകളെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇനിയും പദ്ധതിയുടെ ഗുണം ലഭിക്കാത്തവർക്ക് ജൂൺ നാലിന് മുഖ്യമന്ത്രി തമിഴ്നാട്ടിലുടനീളം നടത്തുന്ന പൊതുപരിപാടിയിൽ അപേക്ഷ നൽകാം.
തമിഴ്നാട്ടിലുടനീളം 9,000 സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഇതിനായി ഈ പദ്ധതിയിൽ പ്രവർത്തിച്ച തഹസിൽദാർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കായി ചെന്നൈയിൽ പരിശീലന ക്യാമ്പ് നടന്നു. ഓരോ ജില്ലയിലും മുഖ്യമന്ത്രിയുടെ ക്യാമ്പ് എവിടെ നടത്തണമെന്നതിന്റെ വിശദാംശങ്ങളും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
5000 രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾ, 5 ഏക്കറിൽ താഴെ ഭൂമിയോ ഉള്ള കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാം. സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, പെൻഷൻകാർ എന്നിവരുൾപ്പെടെ ആളുകൾക്ക് ഈ പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയില്ല.
കാർ, ജീപ്പ്, ട്രാക്ടർ, വ്യക്തിഗത ഉപയോഗത്തിനായി ഹെവി വാഹനങ്ങൾ എന്നിവയുൾപ്പെടെ നാല് ചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.