മായന്നൂർ പാലം അന്ധകാരത്തിൽ
1549611
Tuesday, May 13, 2025 6:12 PM IST
ഒറ്റപ്പാലം: പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർപാലം അന്ധകാരത്തിൽ. ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച പാലത്തിന്റെ കൈവരികളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ വെളിച്ചം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി.
രാത്രികാലങ്ങളിൽ പാലം പൂർണമായും ഇരുട്ടിലാണ്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റാണ് പാലത്തിന് മുകളിൽ തെളിയുന്ന ഏക പ്രകാശകിരണങ്ങൾ. രാത്രിയായാൽ മായന്നൂർപാലം മുഴുവൻ ഇരുട്ടിലാകും.
പാലം ഇരുട്ടിലായതോടെ യാത്രക്കാരും ജനങ്ങളും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പാലത്തിന്റെ ഒരു ഭാഗം ഒറ്റപ്പാലം നഗരസഭയുടെയും മറുവശം കൊണ്ടാഴി പഞ്ചായത്തിന്റേയും പരിധിയിൽ വരുന്നതാണ്. കരാർ കാലാവധി തീർന്നതാണ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതിന്റെ കാരണമെന്നാണു വിവരം. സായാഹ്നം ചെലവഴിക്കാനും നടക്കുന്നതിനും മറ്റുമായി നിരവധിപേരാണ് മായന്നൂർ പാലത്തിൽ ദിവസവുമെത്താറുള്ളത്. പുലർച്ചെ നടക്കാനും വ്യായാമം ചെയ്യാനും സമീപത്തെ ക്ഷേത്രത്തിലേക്കുമടക്കം നിരവധിപേർ ഇതുവഴിയെത്തുന്നുണ്ട്. ഇവരെല്ലാം മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്.
രാത്രിയിൽ റോഡൊന്നു കുറുകേ കടക്കണമെങ്കിൽ ഏറെ പ്രയാസമാണ്. നടപ്പാതയിൽ കൈവരികളുമില്ല. പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നത് വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടില്ല. ഇത് അപകടഭീഷണിയാണ്. നഗരസഭയിൽ തെരുവുവിളക്ക് പരിപാലന കരാർ കാലാവധി കഴിഞ്ഞമാസം പൂർത്തിയായിരുന്നു. നൽകാനുള്ള ബാക്കി പണം നൽകാതെ തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കില്ലെന്ന് കരാറുകാരൻ നിലപാടെടുത്തു. ഇതോടെ നഗരസഭയിലെ 15 വാർഡുകളിൽ പലയിടങ്ങളിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ചിലയിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ തെളിയാതെ കിടക്കുകയാണ്.
ഇനി പുതിയ പദ്ധതിയായി സമർപ്പിച്ച് ജില്ലാ ആസൂത്രണസമിതിയുടെ അനുമതി ലഭിച്ചതിനുശേഷമേ തെരുവുവിളക്കുകൾ തെളിയിക്കാൻ കഴിയൂ. ഇതിന് മാസങ്ങൾ എടുക്കും. പ്രതിസന്ധി പരിഹരിക്കാൻ കരാറുകാരനെക്കൂടി ഉൾപ്പെടുത്തി പ്രത്യേക കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭയുടെ ഏറ്റവും വലിയ കീറാമുട്ടിയാണ് തെരുവുവിളക്ക് പരിപാലനം.