വാണിയംകുളം കന്നുകാലിച്ചന്ത നവീകരണത്തിനു തുടക്കം
1549605
Tuesday, May 13, 2025 6:05 PM IST
ഒറ്റപ്പാലം: കേരളത്തിലെ ഏറ്റവും വലിയ കന്നുകാലിച്ചന്ത നവീകരിക്കുന്നു. ഒരു കോടി രൂപയാണ് ചെലവ്. പ്രവർത്തന ഉദ്ഘാടനം നടന്നു. സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് ചന്ത നവീകരിക്കുന്നത്. ചന്തയുടെ നിർമാണ പ്രവൃ ത്തിയുടെ ഉദ്ഘാടനം പി. മമ്മികുട്ടി എംഎൽഎ നിർവഹിച്ചു.
വള്ളുവനാടിന്റെ വ്യാപാരചരിത്രത്തിൽ ഏറെ പ്രസിദ്ധമാണ് വാണിയംകുളം ചന്ത. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും കന്നുകാലികളെ കൊണ്ടുവന്ന് കച്ചവടംചെയ്യുന്ന ചന്ത വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ മുഖമുദ്രയാണ്.
ചന്തയിലെത്തുന്ന കച്ചവടക്കാർക്കും തൊഴിലാളികൾക്കും വിശ്രമിക്കാനും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും ആവശ്യമായ ശുചിമുറിയും വിശ്രമമുറിയും കന്നുകാലിയെ വലിയതും ചെറിയതുമായ വാഹനങ്ങളിൽനിന്ന് എളുപ്പത്തിൽ കയറ്റുവാനും ഇറക്കാനും കഴിയുന്ന റാംപ് സൗകര്യവും ചന്തയുടെ നിലം കോൺക്രീറ്റ് ചെയ്യലും ലഘുഭക്ഷണശാലകൾക്കാവശ്യമായ കെട്ടിടം നിർമിക്കലും ഉൾപ്പെടുന്നതാണ് കാലിച്ചന്ത നവീകരണം.
ചന്ത പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നിർമാണപ്രവൃത്തികൾ നടത്താതെ ചന്തയുടെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ നവീകരണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.