ശബരിമല തീർഥാടകർക്ക് ഇക്കുറിയും ദേശീയപാതയിൽ ദുർഘടയാത്ര
1478379
Tuesday, November 12, 2024 5:27 AM IST
വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾ കൊടുത്ത് യാത്രചെയ്യേണ്ട വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ ഇക്കുറിയും ശബരിമല തീർഥാടകർക്കു ദുരിതയാത്രയാകും.
പേരിൽ ആറുവരിപ്പാതയെന്നാണെങ്കിലും 28 കിലോമീറ്റർവരുന്ന റോഡ് പലയിടത്തും ഒറ്റവരിയും രണ്ടുവരിയുമാണ്. ഇതു കൂടാതെ ഏതുസമയവും അറ്റകുറ്റപണികൾ നടത്തുന്ന വടക്കഞ്ചേരിയിലേയും കുതിരാനിലേയും മേൽപ്പാലങ്ങളിൽ ഒരുവശത്തേക്കുള്ള മൂന്നുവരിയിൽ ഒരുവരിയിലൂടെ മാത്രമാണു വാഹനങ്ങൾ കടത്തിവിടുന്നത്. വടക്കഞ്ചേരി മേൽപ്പാലം നാല്പതാംതവണയും തകർന്ന് കുത്തിപ്പൊളിച്ചുള്ള പണികൾ കഴിഞ്ഞദിവസംമുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് പണി നടക്കുന്നത്. കൊമ്പഴ മമ്മദ്പടിയിൽ പാലക്കാട് ഭാഗത്തേക്കുള്ള ലൈനിൽ 150 മീറ്ററോളം ദൂരം മൂന്നുവരി പാതയ്ക്കുപകരം രണ്ടുവരിപ്പാതയേ ഇപ്പോഴുമുള്ളൂ.
മൂന്നുവരി പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരുവരി പാതയുടെ നിർമാണം ഇപ്പോഴും നടത്തിയിട്ടില്ല. ഇതിനാൽ തുരങ്കപ്പാത കടന്ന് മൂന്നുവരിയിലൂടെ വേഗത്തിൽവരുന്ന വാഹനങ്ങൾ രണ്ടുവരി പാതകണ്ട് പെട്ടെന്ന് ബ്രേക്കിടും. ഇത് അപകടങ്ങൾക്കു കാരണമാവുകയാണ്.
ഇതുകൂടാതെ വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ അടിപ്പാതനിർമാണം നടക്കുന്നതിനാൽ ഇവിടെയെല്ലാം വാഹനക്കുരുക്കും രൂക്ഷമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകെത്തുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയും പൂർണമായും തകർന്ന നിലയിലാണ്. തീർഥാടകർ വിശ്രമിക്കാനും നേന്ത്രക്കായ ചിപ്സ് വാങ്ങാനുമായി തങ്ങുന്ന മംഗലംപാലം ജംഗ്ഷൻ മുതൽ തുടങ്ങുന്നതാണ് റോഡിലെ കുഴികൾ.
മൂന്നുദിവസംകൂടി പിന്നിട്ടാൽ മണ്ഡലകാലത്തിനു തുടക്കംകുറിക്കുന്ന വൃശ്ചികമാസമാകും. പിന്നെ പൊടിയിൽ മുങ്ങിയാകും തീർഥാടകരുടെ വാഹനയാത്ര.