പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണാദ്ഘാടനം നടത്തി
1600587
Saturday, October 18, 2025 1:24 AM IST
ചിറ്റൂർ: മണ്ഡലത്തിൽ കായിക മേഖലയിലെ വികസനത്തിനായി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 24 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണാദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചിറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന് അഞ്ചു കോടി രൂപ, പെരുമാട്ടി ഇൻഡോർ സ്റ്റേഡിയം രണ്ടു കോടി, ദേവീനഗർ ജിംനേഷ്യം 21 ലക്ഷം, തത്തമംഗലം ജിംനേഷ്യം ഒരു കോടി, കോഴിപ്പാറ ഹെൽത്തി കിഡ്സ് സ്കീം 14 ലക്ഷം, ചിറ്റൂർ ഗവ. കോളജ് സ്പോർട്സ് കോംപ്ലക്സ് 15 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കായി 134 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലായി പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ മാത്രം 339 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് കോടി രൂപ വിനിയോഗിച്ചു കൊണ്ടാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. പരിപാടിയിൽ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ് മുഖ്യാതിഥിയായി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.