മണ്ണാർക്കാട് -ചിന്നത്തടാകം അന്തർസംസ്ഥാന പാതയുടെ നവീകരണം വേഗത്തിലാക്കണം
1600424
Friday, October 17, 2025 6:51 AM IST
മണ്ണാർക്കാട്: അട്ടപ്പാടി ചിന്നതടാകം റോഡിന്റെ നവീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഡിവൈഎഫ്ഐ തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകി. വിഷയത്തിൽ ഇടപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോ, ബ്ലോക്ക് സെക്രട്ടറി ഷാജ് മോഹൻ, പ്രസിഡന്റ് കെ. സൈതലവി, ട്രഷറര്‍ പി. അമൽ, വൈസ് പ്രസിഡന്റ് കെ. റിഷാദ് എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
ഒരു വർഷം മുമ്പ് ആരംഭിച്ച മണ്ണാർക്കാട് അട്ടപ്പാടി ചിന്നത്തടാകം അന്തർസംസ്ഥാനപാതയുടെ ഒന്നാംഘട്ട നവീകരണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. മണ്ണാർക്കാട് മുതൽ ആനക്കട്ടി വരെയും റോഡിന്റെ അവസ്ഥ പരിതാപകരമാണ്. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്കും അട്ടപ്പാടിയിലേക്കുമുള്ള യാത്രക്കാർ ഏറെ ദുരിതത്തിലാണ്. ഇത് പരിഹരിക്കാൻ വേണ്ട നടപടി ഉടൻ ഉണ്ടാവണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്.