റെയിൽവേ തുരങ്കപാതയിലെ വെള്ളക്കെട്ട്; ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ
1600588
Saturday, October 18, 2025 1:24 AM IST
പുതുനഗരം: വിരിഞ്ഞിപ്പാടം റെയിൽവേ തുരങ്കപാതയിലെ വെള്ളക്കെട്ടിലൂടെ യാത്ര തീരാദുരിതത്തിലായിരിക്കുകയാണ് 200 ൽപരം കുടുംബങ്ങൾ. ചെറുമഴ പെയ്താൽപോലും കാൽമുട്ടുവരെ വെള്ളക്കെട്ടുണ്ടാവും. റെയിൽവേ ബ്രോഡ്ഗേജ് ലൈൻ നിർമാണസമയത്ത് അഴുക്കുചാൽ നിർമിച്ചതിലെ അപാകതയാണ് നടപ്പാതയിൽ കുളംപോലെ വെള്ളം കെട്ടിനിൽക്കാൻ കാരണമായിരിക്കുന്നത്.
കാരാട്ടുകുളന്പ്, തോട്ടിങ്ങൽ, വിരിഞ്ഞിപ്പാടം ഭാഗത്തെ താമസക്കാർ പുതുനഗരം പ്രധാനപാതയിലെത്തുന്നത് റെയിൽവേ തുരങ്കപാതയിലൂടെയാണ്. മഴ ശക്തമായാൽ യാത്രക്കാർ രണ്ടു കിലോമീറ്റർ അധികദൂരമുള്ള കൊടുവായൂർ റോഡ് ചുറ്റി വേണം പുതുനഗരത്തിലെത്താൻ. പുതുനഗരം ഭാഗത്ത് സ്കൂളിലേക്ക് വിദ്യാർഥികൾ പോയി തിരിച്ചുവരുന്നത് രക്ഷിതാക്കളുടെ ചങ്കിടിപ്പു കൂട്ടുകയാണ്.
യാത്രക്കാർ വെള്ളക്കെട്ടിലൂടെ നടന്നുവരുന്പോൾ കെട്ടിനിൽക്കുന്ന ജലത്തിൽ വസ്ത്രങ്ങൾ നനഞ്ഞ് മലിനമാവുകയാണ്. ഇതിനിടെ നടപ്പാതയിൽ വെള്ളക്കെട്ട് രണ്ടടിയിൽ കൂടിയാൽ റെയിൽവേ അധികൃതൽ തന്നെ ഇരുവശത്തും ഇരുന്പുചങ്ങല കെട്ടി ഇതുവഴി സഞ്ചാരം നിരോധിക്കും. ഓരോ മഴക്കാലത്തും ഇതുവഴി സഞ്ചാരം യാത്രക്കാർക്ക് തീരാദുരിതമായിരിക്കുകയാണ്.
രാത്രിസമയങ്ങളിൽ അപകടാവസ്ഥ കണക്കിലെടുത്ത് കാൽ നടയാത്രക്കാർ, ഇരു ചക്രവാഹന സഞ്ചാരികളും കൊടുവായൂർ റോഡ് വഴിയാണ് വീടുകളിലേക്ക് എത്തുന്നത്.
പ്രദേശത്തെ വെള്ളക്കെട്ടിനു അടിയന്തരപരിഹാരമാവശ്യപ്പെട്ട് പലതവണ റെയിൽവേ മേധാവികൾക്ക് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും ഇതുവരേയും നടപടികൾ ഒന്നും ഉണ്ടാവാത്തതിൽ നട്ടുകാർ നിരാശയിലാണ്.