നീതി എല്ലാ സമുദായങ്ങൾക്കും ഒരുപോലെ നൽകണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1600598
Saturday, October 18, 2025 1:24 AM IST
മണ്ണാർക്കാട്: നീതി എന്ന അവകാശം എല്ലാ സമുദായങ്ങളിലേക്കും ഒരുപോലെ ഒഴുകി ഇറങ്ങാൻ നേതൃത്വം കൊടുത്തില്ലെങ്കിൽ അങ്ങനെയുള്ള ഭരണകൂടങ്ങളുടേത് ദുർഭരണമാണെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രയ്ക്ക്് മണ്ണാർക്കാട് നൽകിയ സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പി.ആർ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ "നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യം ഉയർത്തി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്കാണ് ഇന്നലെ രാവിലെ 9.30 ന് മണ്ണാർക്കാട് കുടു കോംപ്ലക്സ് മൈതാനിയിൽ സ്വീകരണം നൽകിയത്.
മണ്ണാർക്കാട് ഹോളി ട്രിനിറ്റി ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജോസുകുട്ടി ഒഴുകയിൽ, രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തുങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫാ. ബിജു കല്ലിങ്കൽ, കൺവീനർ ഷിബു കാട്ട്റുകുടിയിൽ എന്നിവർ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.