മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള ഇൻഷ്വറൻസ്; 25 വിദ്യാർഥികൾ അപേക്ഷിച്ചു
1600017
Thursday, October 16, 2025 1:17 AM IST
കോയമ്പത്തൂർ: അപകടങ്ങളിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 25 വിദ്യാർഥികളിൽനിന്ന് സർക്കാർ നൽകുന്ന ഇൻഷ്വറൻസ് തുകയ്ക്കായി അപേക്ഷകൾ ലഭിച്ചു. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ അപകടത്തിൽ മരിക്കുകയോ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ സാമ്പത്തികമായി ബാധിക്കപ്പെടാതെ അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിന് തമിഴ്നാട് ഇലക്ട്രിസിറ്റി ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ 75,000 രൂപയുടെ അപകട ഇൻഷ്വറൻസ് തുക നൽകും. ഈ തുക വിദ്യാർഥിയുടെ പേരിൽ നിക്ഷേപമായി സൂക്ഷിക്കും. ഇതിൽ നിന്ന് വിദ്യാർഥികൾക്ക് പ്രതിവർഷം 6.87 ശതമാനം പലിശ ലഭിക്കും. ഇൻഷ്വറൻസ് 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും. 21 വയസിനു ശേഷം വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ തുക പിൻവലിക്കാം.
കോയമ്പത്തൂർ ജില്ലയിൽ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 25 വിദ്യാർഥികൾ ഇതുവരെ ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്. നടപ്പ് അധ്യയനവർഷത്തിൽ അപേക്ഷിച്ച 15 വിദ്യാർഥികളുടെ രേഖകൾ പരിശോധിച്ച് അടുത്തഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവരെ സംസ്ഥാനത്തൊട്ടാകെ 258 വിദ്യാർഥികളിൽ നിന്ന് ഈ അപകട ഇൻഷ്വറൻസിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.