വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു
1600420
Friday, October 17, 2025 6:42 AM IST
നെന്മാറ: ശക്തമായ മഴയിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞദിവസം രാത്രി ഏഴിനു പെയ്ത മഴയിലാണ് കിണർ താഴ്ന്നത്. നെന്മാറ ബസ് സ്റ്റാൻഡിനു സമീപം സെന്തിൽ ഇല്ലത്തിൽ താമസിക്കുന്ന സെന്തിൽ - ഉമാ ദമ്പതികളുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
വെള്ളം നിറഞ്ഞുനിന്ന കിണറായിരുന്നു. ശബ്ദംകേട്ട് വീടിന് പുറത്തുവന്നു നോക്കിയപ്പോൾ കിണർ മതിൽ ഭാഗികമായി ചെരിഞ്ഞു നിൽക്കുന്നത് കണ്ടെങ്കിലും മിനിറ്റുകൾക്കകം വൻ ശബ്ദത്തോടെ കിണർ പൂർണമായും ഉള്ളിലേക്കു വീണു.
മുറ്റത്ത് വിരിച്ച ടൈൽസുകളും കിണറിനകത്തേക്കു വീണു. 40 വർഷത്തിലേറെയായി റിംഗ് ഇറക്കി കുടിവെള്ളത്തിനുപയോഗിക്കുന്ന 20 മീറ്ററോളം താഴ്ചയുള്ള കിണറാണിത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.