വനത്തിൽനിന്നും ശേഖരിക്കുന്ന പച്ചമരുന്നുകൾക്ക് ന്യായവില: ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് ആദിവാസികൾ
1600425
Friday, October 17, 2025 6:51 AM IST
വടക്കഞ്ചേരി: വനത്തിൽനിന്നും ആദിവാസികൾ ശേഖരിക്കുന്ന പച്ചമരുന്നുകൾക്ക് ന്യായവില ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് മേഖലയിലെ ആദിവാസിവിഭാഗങ്ങൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ.
നിലവിൽ പച്ചമരുന്നുകൾ ഉൾപ്പെടെ വനവിഭവങ്ങൾ സംഭരിക്കുന്നതിനോ വില്പന നടത്തുന്നതിനോ മേഖലയിൽ ഒരിടത്തും സംവിധാനങ്ങളില്ല. ഇതിനാൽ കിട്ടിയ വിലക്ക് വിലകൂടിയ പല പച്ചമരുന്നുകളും ഇടനിലക്കാർക്ക് വിൽക്കേണ്ട ഗതികേടാണ് ആദിവാസികൾക്കുള്ളത്.
ഇതുമൂലം വലിയതോതിലുള്ള ചൂഷണവും നടക്കുന്നുണ്ട്. വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ആദിവാസി ഉന്നതികൾ ഉൾപ്പെടുന്ന കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളിൽ വിളിച്ചുകൂട്ടിയ യോഗങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ ഉറപ്പ് നൽകിയിട്ടുള്ളത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി അധ്വാനത്തിനുള്ള മാന്യമായ വില ആദിവാസികൾക്ക് ലഭ്യമാക്കും. ഉത്പന്നത്തിന്റെ വില സ്ഥലത്ത് വച്ചുതന്നെ നൽകാനും വനസംരക്ഷണസമിതി വഴി സംവിധാനമൊരുക്കുമെന്നും റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു.
കോട്ടക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ച് ഉത്പന്നങ്ങൾ വിൽക്കാനാണ് പദ്ധതി. അട്ടകടിയേറ്റും വന്യമൃഗഭീഷണി നേരിട്ടും പകൽ മുഴുവൻ കാട്ടിലലഞ്ഞ് കിട്ടുന്ന പച്ചമരുന്നുകൾക്ക് യഥാർഥവിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. കൃഷി ചെയ്തുണ്ടാക്കുന്ന പച്ചമരുന്നിനേക്കാൾ ഗുണം കാട്ടിലെ പച്ചമരുന്നുകൾക്ക് ഉണ്ടെന്നിരിക്കെ ഇത് മറച്ചുവച്ചാണ് ആദിവാസികൾ കബളിപ്പിക്കപ്പെടുന്നത്. കാട്ടിൽനിന്നും കുത്തിയിളക്കിയെടുക്കുന്ന നന്നാരി കിഴങ്ങ് പോലെയുള്ളവക്ക് തുച്ഛമായ വിലയാണ് ലഭിക്കുക.
ആദിവാസികളിൽനിന്നും വനവിഭവങ്ങൾ ശേഖരിച്ച് ന്യായവില ഉറപ്പുവരുത്തുന്ന സംഘങ്ങളൊന്നും മംഗലംഡാം കേന്ദ്രീകരിച്ച് ഇല്ലാത്തതിനാൽ ചൂഷണം തുടരുന്ന സ്ഥിതിയാണ്. പീച്ചി വൈൽഡ് ലൈഫ് കേന്ദ്രത്തിനു കീഴിലുള്ള മണിയൻ കിണർപ്പോലെയുള്ള ഉന്നതികളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ നേരത്തെ തന്നെ സംവിധാനമുണ്ട്.
കടപ്പാറ മൂർത്തിക്കുന്ന്, തളികക്കല്ല്, കവിളുപ്പാറ തുടങ്ങിയ മലകളിലെല്ലാം ആദിവാസി ഉന്നതികളും നിരവധി കുടുംബങ്ങളുമുണ്ട്. ഇവരെല്ലാം വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. സൗജന്യ റേഷനാണ് മഴക്കാലമാസങ്ങളിൽ ഈ കുടുംബങ്ങളുടെയെല്ലാം ഏക ആശ്രയം. തളികക്കല്ലിലെ അറുപതോളം കുടുംബങ്ങൾക്ക് റേഷൻ വാങ്ങാൻ പത്തും പന്ത്രണ്ടും കിലോമീറ്റർ നടന്ന് പൊൻകണ്ടത്ത് എത്തണം. ഇവർക്കുള്ള റേഷൻസാധനങ്ങൾ കടപ്പാറയിൽ നിന്നും ലഭ്യമാക്കണമെന്ന ആവശ്യത്തിന് ഏറെ കാലപ്പഴക്കമുണ്ടെങ്കിലും മുറവിളിക്ക് പരിഹാരമായിട്ടില്ല. അപൂർവമായ പച്ചമരുന്നുകൾക്ക് വിപണിയിൽ ഉയർന്ന വിലയുണ്ടെങ്കിലും ഇടനിലക്കാരാണ് വില തീരുമാനിക്കുന്നത്.
തേൻ, നെല്ലിക്ക സീസണിലും ഇതുതന്നെയാണ് സ്ഥിതി. കുറുന്തോട്ടി, ഓരില, മൂവില, പാൽമരുത്, പൂജാ കോൽ തുടങ്ങിയ പച്ചമരുന്നുകളാണ് ഈ സീസണിൽ വനത്തിൽനിന്നും ലഭിക്കുന്നതെന്ന് ആദിവാസികൾ പറയുന്നു.