ഞാറ്റടിക്കു പുതിയ വിത്തിനങ്ങളുടെ ലഭ്യതക്കുറവ് കർഷകർക്കു വിനയായി
1600584
Saturday, October 18, 2025 1:24 AM IST
നെന്മാറ: രണ്ടാംവിള നെൽകൃഷിക്ക് പുതിയ വിത്തുകൾ ലഭ്യമായില്ല. വിള പരിവർത്തനത്തിന്റെ ഭാഗമായി വിത്തുകൾമാറ്റി കൃഷിചെയ്യുന്നതിനു കർഷകർ തീരുമാനിച്ചെങ്കിലും പുതിയ വിത്തുകൾ ലഭ്യമല്ലാത്തതു വിനയാകുന്നു.
സ്ഥിരമായി കൃഷിചെയ്യുന്ന ഉമ ഇനം നെല്ലിന് പ്രതിരോധശേഷിയും ഉത്പാദനക്ഷമതയും കുറയുന്നതിനാലാണ് വിത്തുകൾമാറ്റി കൃഷി ചെയ്യുന്നതിനു കർഷകർ തീരുമാനിച്ചത്. രണ്ടാംവിളയ്ക്ക് കാർഷിക സർവകലാശാലയിൽനിന്നും കൃഷിഭവൻ മുഖേനയോ പുതിയ വിത്തുകൾ ലഭ്യമായില്ലെന്നു കർഷകർ പറഞ്ഞു.
കൊയ്ത്തുകഴിഞ്ഞ കർഷകർ രണ്ടാംവിള ഞാറ്റടി തയാറാക്കുന്നതിന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിത്തുത്പാദനകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മട്ട ഇനത്തിൽപ്പെട്ട വിത്തുകൾ അയൽസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ലഭ്യമല്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. കൂടുതൽ ഉത്പാദനക്ഷമതയുള്ള വെള്ള ഇനങ്ങളുടെ ഞാറും കർഷകർ തയാറാക്കുന്നുണ്ട്. തമിഴ്നാട് സർക്കാറിന്റെ സർട്ടിഫൈഡ് സീഡ് കമ്പനികളിൽ നിന്നാണ് ജില്ലയിലെ വിത്ത് വില്പനക്കാർ നെൽവിത്തുകൾ എത്തിക്കുന്നത്.
കേരളത്തിൽ അറിയപ്പെടുന്ന പല ഇനം നെല്ലുകളും അയൽസംസ്ഥാനങ്ങളിൽ ഏതെങ്കിലും നമ്പറുകളിലോ മറ്റു പേരുകളിലോ അറിയപ്പെടുന്നതിനാൽ നിലവിലുള്ള വിത്തുകൾതന്നെ പുതിയഇനം എന്ന പേരിൽ കൃഷി ചെയ്യേണ്ട ഗതികേടിലാണ് കർഷകർ. ഡാമുകളിൽ ജലസമൃദ്ധി ഉള്ളതിനാൽ വൈക്കോലും കൂടുതൽ വിളവും ലഭിക്കുന്നതിന് മൂപ്പു കൂടിയ ഇനങ്ങളാണ് രണ്ടാംവിളയ്ക്ക് കർഷകർ തെരഞ്ഞെടുത്തിരിക്കുന്നത്. മട്ട ഇനത്തിൽപ്പെട്ട ഉമ, ജ്യോതി, കാഞ്ചന, വർഷ, ശബരി ഇനങ്ങളും വെള്ള ഇനങ്ങളായ പൊന്മണി, എഎസ്ഡ, ജ്യോതി, രോഹിണി, ജയ, പൊന്നി ഇനങ്ങളും ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കുന്നുണ്ട്.