സൗജന്യ വനിതാസംരംഭകത്വ തൊഴിൽ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു
1600423
Friday, October 17, 2025 6:51 AM IST
നെന്മാറ: എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) എന്നിവയുടെ നേതൃത്വത്തിൽ നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിംഗിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 26 ദിവസത്തെ സൗജന്യ വനിതാ സംരഭകത്വ തൊഴിൽപരിശീലന കോഴ്സിന്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവ്വഹിച്ചു.
ചടങ്ങിൽ നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷയായി. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ, ഇഡിഐ ജില്ലാ പ്രോഗ്രാം ഓഫീസർ ശിബിഷ്ണു, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് സെക്രട്ടറി കെ. രാധാകൃഷ്ണൻ, എസ്. ശ്രീകുമാർ, അപ്പുക്കുട്ടൻ, എം. മോണിക്ക, റംസിയ, അക്ഷര രവീന്ദ്രൻ, ചിജീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 55 വനിതകൾക്കാണ് ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയുള്ള കാർഷിക ഭക്ഷ്യോത്പന്നങ്ങൾ, ഭക്ഷ്യസംസ്കരണം എന്നിവയിൽ പരിശീലനം നൽകുക. പരിശീലനം സൗജന്യമാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആക്സെഞ്ച്വറും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.
അതോടൊപ്പം 26 ദിന പരിശീലനത്തിൽ വിവിധ സംരഭകത്വ വായ്പാ പദ്ധതികൾ, സംരംഭങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസുകൾ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇന്നോവേഷൻ, പാക്കേജിംഗ്, ബ്രാൻഡിംഗ്, ലോഗോ നിർമാണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകളും നൽകും. സംരംഭ രൂപീകരണത്തിന് സഹായവും പിന്തുണയും ഉറപ്പ് വരുത്തും. വല്ലങ്ങി ചീറമ്പക്കാവിന് സമീപമുള്ള ഗുരുമന്ദിരത്തിലുള്ള സിഎൽഎസ്എൽ ഓഫീസിൽ വച്ചാണ് പരിശീലനം നൽകുക.