ലക്കിടി- പേരൂരിലെ സാഫല്യം ഭവനപദ്ധതി ത്രിശങ്കുവിൽ
1461565
Wednesday, October 16, 2024 6:47 AM IST
ഒറ്റപ്പാലം: സാഫല്യം ഭവനപദ്ധതി "വിഫല'മായി. ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തിൽ രാജീവ്ഗാന്ധി കോളനിയിലെ സർക്കാർ ഭവനപദ്ധതിയാണു സഫലമാകാതെ കിടക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണു പദ്ധതിപ്രദേശം.
വർഷങ്ങൾ പലതുകഴിഞ്ഞിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടിട്ടില്ല. 24 കുടുംബങ്ങൾക്കു വീട് യാഥാർഥ്യമാക്കാൻ 2011- 12ലാണ് ഫ്ലാറ്റിന്റെ നിർമാണം ആരംഭിച്ചത്. സംസ്ഥാനവിഹിതമായ രണ്ടുലക്ഷംരൂപയും പഞ്ചായത്തുവിഹിതമായി 25,000 രൂപയും ഗുണഭോക്തൃവിഹിതമായി 1,25,000 രൂപയും ചേർന്ന് മൂന്നരലക്ഷം രൂപയ്ക്കാണ് പണി തുടങ്ങിയത്. ഗുണഭോക്തൃവിഹിതമായ ഒന്നേക്കാൽലക്ഷംരൂപ രണ്ടുതവണകളായി അടയ്ക്കാനായിരുന്നു നിർദേശം.
ഒന്നാംഗഡു 24 ഗുണഭോക്താക്കളും കൃത്യസമയത്ത് ഭവനനിർമാണ ബോർഡിനു കൈമാറി. ഇതിനിടയിൽ പഞ്ചായത്തിലെ ഭരണസമിതി മാറി. കെട്ടിടനിർമാണം പതുക്കെയായതോടെ ഗുണഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
പലരും രണ്ടാംഗഡു അടയ്ക്കാൻ വിസമ്മതിച്ചു. ഇതിനിടയിൽ വീടിന്റെ വിസ്തൃതിയുമായി ബന്ധപ്പെട്ടുണ്ടാക്കിയിരുന്ന പഴയ വ്യവസ്ഥ ബോർഡ് പുതുക്കി. പുതുക്കിയ വ്യവസ്ഥ പ്രകാരം വീടിന്റെ വിസ്തൃതി കുറച്ചു. അതിനിടയിൽ സംസ്ഥാനത്തും ഭരണമാറ്റമുണ്ടായി. ഭവനനിർമാണ ബോർഡ് പദ്ധതിയിൽനിന്ന് പിൻവാങ്ങി.
ഗുണഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ അധികൃതർ ഗുണഭോക്താക്കളടച്ച പണം തിരികെനൽകി തലയൂരി. പി. ഉണ്ണി എംഎൽഎ ആയിരുന്ന സമയത്ത് പദ്ധതി പൂർത്തീകരിക്കാനായി പഞ്ചായത്തിനോട് പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പ്രദേശം മുഴുവൻ ഇപ്പോൾ കാടുമൂടി കിടപ്പാണ്. എന്നാൽ, ഗുണഭോക്തൃവിഹിതത്തിന്റെ രണ്ടാംഗഡു കിട്ടാത്തതിനെത്തുടർന്നു നിർമാണം നിലച്ചതെന്നാണ് ഭവനനിർമാണ ബോർഡിന്റെ പ്രതികരണം.