മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം; ഹാഗിംഗ് ഫെൻസിംഗും നോക്കുകുത്തി
1461019
Monday, October 14, 2024 7:48 AM IST
മണ്ണാർക്കാട് : കാട്ടാനകളുടെ ശല്യം രൂക്ഷമായ മലയോര മേഖലകളിൽ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്നു ഹാഗിംഗ് ഫെൻസിഗും ഗുണം ചെയ്തില്ല.
ലക്ഷങ്ങൾ മുടക്കി എട്ടുകിലോമീറ്ററോളം ഹാഗിംഗ് ഫെൻസിഗ് നിർമിച്ച കരടിയോടു മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായി. നിർമിച്ചു മാസങ്ങൾക്കുള്ളിലാണ് ഈ അവസ്ഥ.
ഫെൻസിഗിനാവശ്യമായ സംരക്ഷണം നൽകാത്തതും ഫെൻസിഗിനോടു ചേർന്നുള്ള മരങ്ങൾ മുറിച്ചുമാറ്റാത്തതുമാണ ഫെൻസിംഗ് അതിക്രമിച്ചു കാട്ടാനകൾ നാട്ടിലിറങ്ങാൻ കാരണമെന്നാണു പ്രദേശവാസികൾ പറയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരോടു ഇക്കാര്യങ്ങൾ അറിയിച്ചപ്പോൾ മരംമുറിക്കുന്നതിനു നിയമ തടസങ്ങളുണ്ടെന്നു മറുപടി നൽകിയതായി നാട്ടുകാർ പറഞ്ഞു. ഫെൻസിംഗ് സംരക്ഷണത്തിനായി നാട്ടുകാരെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരം നൂലാമാലകൾ കാരണം ആരുംതിരിഞ്ഞു നോക്കുന്നില്ല എന്നതാണു വസ്തുത.
ഇതോടെ പലയിടത്തും ഫെൻസിംഗ് തകർത്തു കാട്ടാനകൾ ദിവസവും നാട്ടിൽ ഇറങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വെട്ടിക്കാട്ടിൽ ദേവരാജൻ, ഒതുക്കുംപുറത്ത് സൈനുദ്ദീൻ, ഓടയിൽ അബ്ദു എന്നിവരുടെ കൃഷികൾ നശിപ്പിച്ചു.
ദേവരാജന്റെ വെട്ടിക്കൊണ്ടിരിക്കുന്ന റബർമരങ്ങളുടെ തൊലി പൊളിച്ചുനീക്കി. സൈനുദ്ദീന്റെ നൂറോളം റബർതൈകൾ നശിപ്പിച്ചു. അബ്ദുവിന്റെ തെങ്ങുകളാണു നശിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചാൽ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്.