കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
1460652
Friday, October 11, 2024 11:16 PM IST
മണ്ണാർക്കാട്: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാനപാതയിലെ അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്കേറ്റു. അലനല്ലൂർ പാലക്കാഴി ചെമ്മൻകുഴി വീട്ടിൽ വാസുദേവന്റെ മകൻ സുമേഷ്(24) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ചെമ്മൻകുഴി വീട്ടിൽ രാധാകൃഷ്ണന്റെ മകൻ ശ്രീനാഥിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അലനല്ലൂർ ആശുപത്രിപ്പടിയിലെ പെട്രോൾ പമ്പിനു സമീപം അപകടമുണ്ടായത്.
പാലക്കാഴിയിലെ വീട്ടിൽനിന്നു മണ്ണാർക്കാട്ടേക്കു പോവുകയായിരുന്ന സുമേഷ് സഞ്ചരിച്ച കാറും എതിരേവന്ന ലോറിയും തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമേഷിനെയും ശ്രീനാഥിനെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ശ്രീനാഥാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. കാറിന്റെ മുൻവശം പൂർണമായും ലോറിയുടെ മുൻവശം ഭാഗികമായും തകർന്നു. നാട്ടുകൽ പോലീസ് മേൽനടപടി സ്വീകരിച്ചു.
സുമേഷിന്റെ അമ്മ: ഉഷാകുമാരി. സഹോദരങ്ങൾ: സുരേഷ് ബാബു, സുധീഷ്, സുധിഷ.