കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകളൊരുക്കുന്ന ഈ ദന്പതികൾ തിരക്കിലാണ്...
1460248
Thursday, October 10, 2024 7:45 AM IST
വടക്കഞ്ചേരി: അച്യുതൻനായരും ഭാര്യ സുഭദ്ര അമ്മയും തങ്ങളുടെ ചെറിയ ഹോട്ടലിൽ ഉച്ചയ്ക്കുള്ള ഊണ് തയ്യാറാക്കുന്ന തിരക്കുകളിലാണ്. ഉപ്പ്, പുളി, എരിവ് അങ്ങനെ എല്ലാം കൃത്യമായിരിക്കണം. തങ്ങളുടെ കൈപ്പുണ്യത്തിന്റെ രുചി കേട്ടറിഞ്ഞ് പല ദിക്കുകളിൽ നിന്നും ദിവസവും ഇവിടെ ഉച്ചഭക്ഷണം കഴിക്കാൻ എത്തുന്ന ആളുകളെ നിരാശരാക്കരുത്. നല്ലത് എന്ന ഖ്യാതിക്ക് മങ്ങലേൽക്കരുത്. അതിനാൽ കറിക്കൂട്ടുകളിൽ സൂക്ഷ്മതയും കരുതലും വേണമെന്ന് ഇവർക്ക് അറിയാം.
കണ്ണമ്പ്രയിൽ ഋഷിനാരദമംഗലം ക്ഷേത്രത്തിനു സമീപമാണ് 79 വയസുള്ള അച്യുതൻ നായരും 73 വയസുള്ള ഭാര്യ സുഭദ്രഅമ്മയും നടത്തുന്ന ഹോട്ടൽ. ഹോട്ടൽ ശിവ എന്നാണ് പേര്. ഷീറ്റ് മേഞ്ഞ തനി നാടൻ ചായക്കട. വഴിപോക്കരെ ആകർഷിക്കാനുള്ള കമനീയമായ ബോർഡോ കടക്ക് ഭംഗിയോ ഇല്ല. ചെറിയൊരു തകര ഷീറ്റിലാണ് ഹോട്ടലിന്റെ പേര് ശിവ എന്ന് എഴുതി തൂക്കിയിട്ടുള്ളത്. കടയ്ക്കുള്ളിലും അലങ്കാരപണികളില്ല. പതിറ്റാണ്ടുകളേറെ പഴക്കമുള്ള റേഡിയോ ആണ് ആകെയുള്ളത്. ഉച്ചയ്ക്കുള്ള പ്രാദേശിക വാർത്തകളും പാട്ടുകളും വെക്കും. വരുന്നവർക്ക് കടയുടെ വലുപ്പചെറുപ്പമൊന്നും പ്രശ്നമല്ല. വൃത്തിയും നല്ല ഭക്ഷണവും കിട്ടിയാൽ മതി. അതെല്ലാം ഇവിടെ ഗാരണ്ടിയാണുതാനും.
ഇവരുടെ വീടിനോട് ചേർന്നുള്ളതാണ് ഹോട്ടൽ. നടത്തിപ്പുകാരും ജീവനക്കാരും സഹായികളും എല്ലാം ഇവർ തന്നെ. പുറമെ നിന്നുള്ള പണിക്കാരാരുമില്ല. തലേദിവസം കറിക്കുള്ള പച്ചക്കറികൾ തയ്യാറാക്കുന്നതു മുതൽ വിളമ്പലും മേശ തുടയ്ക്കലും എല്ലാം പ്രായമായ ഇവർ തന്നെയാണ് ചെയ്യുന്നത്.
ചായക്കടയ്ക്ക് ഇത് ജൂബിലി വർഷമാണെന്ന പ്രത്യേകതയുമുണ്ട്. 50 വർഷം തികഞ്ഞ വർഷമാണ് 2024 എന്ന് അച്യുതൻനായർ പറഞ്ഞു. നേരത്തെ ഭാഗികമായി ഓലമേഞ്ഞതായിരുന്നു ഹോട്ടൽ. ഇപ്പോൾ ഓല മാറ്റി പൂർണമായും ഷീറ്റാക്കി. വൻകിട ഹോട്ടലുകളുള്ള വടക്കഞ്ചേരിയിൽ നിന്നുവരെ ഉച്ചഭക്ഷണം കഴിക്കാൻ ഈ ഹോട്ടൽ തേടി പോകുന്നവരുണ്ട്. ചെറിയ നിരക്കിൽ നല്ല ചൂടുള്ള രുചികരമായ വെജിറ്റേറിയൻ ഭക്ഷണമാണ് ആളുകളെ അച്യുതൻനായരുടെ കടയിലേക്ക് ആകർഷിക്കുന്നത്. പുലർച്ചെ നാലരയ്ക്ക് തുടങ്ങും ഇവരുടെ പാചകപണികൾ. രാവിലെ ഇഢലി, ദോശ, ഉഴുന്നുവട തുടങ്ങിയവയുണ്ടാകും.
ഉച്ചഭക്ഷണത്തോടെ കട അടയ്ക്കും. കുറച്ചുനാൾ മുമ്പുവരെ വൈകുന്നേരം വരെ ചായക്കട പ്രവർത്തിച്ചിരുന്നു. ആളുകളെ വച്ച് ഭക്ഷണം ഉണ്ടാക്കിയാൽ തൃപ്തിവരില്ലെന്ന് സുഭദ്ര അമ്മ പറയുന്നു. തങ്ങളാലാകും വരെ കട നടത്തുമെന്ന് ദന്പതികൾ പറയുന്നു.
ഫ്രാൻസിസ് തയ്യൂർ