പാലക്കാടന്‍ പാടശേഖരങ്ങളിലേക്ക് കുഞ്ഞാറ്റക്കിളികളുടെ വരവുകുറഞ്ഞു?
1459555
Monday, October 7, 2024 7:30 AM IST
വടക്കഞ്ചേരി: കന്നിക്കൊയ്ത്തു നടക്കുന്ന നെൽപ്പാടങ്ങളിലെ കരിന്പനകളിലും തെങ്ങുകളിലുമെല്ലാം കുഞ്ഞാറ്റക്കിളികൾ കുറയുന്നുവോ...?
രണ്ടുമൂന്നു വർഷമായി ഇവയുടെ കൂടുകൂട്ടൽ വളരെ കുറവാണെന്നാണു കർഷകർ പറയുന്നത്. കാലാവസ്ഥയിലെ വ്യതിയാനമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഈ ദേശാടന പക്ഷികളുടെ കുറവിനു കാരണമെന്നു പരിശോധിക്കേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഒന്നാംവിളയുടെ കതിർനിരന്നു നെല്ല് മൂപ്പാകു മുമ്പേ ഈ കുഞ്ഞൻപക്ഷികൾ കൂട്ടമായെത്തി കരിമ്പന പട്ടകളിലും വയലോരത്തെ തെങ്ങുകളുടെ പട്ടകളിലും കൂടൊരുക്കാൻ തുടങ്ങും.
നിസഹായരെന്നു നാം കരുതുന്ന ഈ ചെറുപക്ഷികളുടെ കൂടുനിർമാണം അതിശയക്കാഴ്ചകളാണ്. കൂടുനിർമാണം പൂർത്തിയായാൽ പിന്നെ കലപില കൂട്ടി വാനിൽ തുമ്പികൾ പാറി പറക്കുമ്പോലെ കുഞ്ഞാറ്റകൾ കൂട്ടമായി നെൽപ്പാടത്ത് ആർത്തുല്ലസിക്കും.
ഇവയുടെ പ്രജനനകാലം കൂടിയാണിതെന്നതിനാൽ കുഞ്ഞാറ്റക്കിളികളുടെ കുറവ് പഠനങ്ങൾക്കു വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.