പള്ളം തുരുത്തുകാർക്കൊപ്പം നിൽക്കാൻ ഒറ്റപ്പാലം നഗരസഭ
1458922
Friday, October 4, 2024 7:21 AM IST
റെയിൽപ്പാളം മുറിച്ചുകടക്കാതെ പുതിയ സഞ്ചാരമാർഗം
ഒറ്റപ്പാലം: പള്ളം തുരുത്തുകാർക്കു റെയിൽപ്പാളം മുറിച്ചുകടക്കാതെ സുരക്ഷിതമായ സഞ്ചാരമാർഗമൊരുക്കണമെന്ന ആവശ്യവുമായി ഒറ്റപ്പാലം നഗരസഭ. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഭാരതപ്പുഴയ്ക്കും ഇടയിലാണ് പള്ളം പ്രദേശമുള്ളത്.
ഇവിടെ താമസിക്കുന്നവർക്കു റെയിൽപ്പാളം മുറിച്ചുകടക്കാതെ സഞ്ചരിക്കാൻ സംവിധാനമൊരുക്കണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യത്തിലാണ് ഒറ്റപ്പാലം നഗരസഭയും രംഗത്തു വന്നിരിക്കുന്നത്.
ഇതിനായി സർക്കാരിനെ സമീപിക്കാനാണു നഗരസഭാ തീരുമാനം. റെയിൽപ്പാളം മുറിച്ചുകടക്കാനായി ചെറുവാഹനങ്ങൾപോകുംവിധം മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിക്കുന്നത്.
റെയിൽപ്പാളത്തിനപ്പുറം താമസിക്കുന്നവർക്കു സുരക്ഷിതമായി റെയിൽപ്പാളം മുറിച്ചുകടക്കാനോ വാഹനം വീടുകളിലേക്കു കൊണ്ടുപോകാനോ സാധിക്കാത്ത സ്ഥിതിയാണ്. ട്രെയിൻതട്ടിയുള്ള അപകടങ്ങൾ സ്ഥിരമായി നടക്കുന്ന മേഖലയായതിനാൽ റെയിൽവേ ഇവിടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ തുടങ്ങിയിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് റെയിൽവേയുമായി ചേർന്നു പദ്ധതിയൊരുക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചത്. നേരത്തേ ഈ പ്രദേശത്ത് ആളുകൾ പാളംമുറിച്ചുകടക്കുന്നതു സുരക്ഷാ പ്രശ്നമുണ്ടാക്കുന്നെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു.
ലോക്കോ പൈലറ്റുമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഇവിടെ വഴികെട്ടിയടക്കാൻ റെയിൽവേ ശ്രമവും നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം നടന്നതിനാൽ റെയിൽവേ ശ്രമം താത്കാലികമായി ഉപേക്ഷിച്ചിരുന്നു.
എന്നാൽ സുരക്ഷ മുൻനിർത്തി ഈഭാഗത്ത് വഴിയടക്കാനുള്ള സാധ്യത റെയിൽവേയുടെ പരിഗണനയിൽ ഇപ്പോഴുമുണ്ട്.
പ്രശ്നങ്ങളും പരിഹാരങ്ങളും
മുപ്പതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും അറ്റത്തായി ആർഎസ് റോഡ് അവസാനിക്കുന്ന പ്രദേശത്തുകൂടി ആളുകൾ റോഡുമുറിച്ചുകടന്നാണു പള്ളത്തെത്തുന്നത്. പാളം മുറിച്ചുകടക്കുന്നിടത്താണു ഇവിടത്തുകാരുടെ വാഹനങ്ങളും നിർത്തുന്നത്. ഈ വാഹനങ്ങൾ മോഷണംപോകുന്ന സാഹചര്യവുമുണ്ട്.
പാളമുള്ളതിനാൽ നഗരസഭയ്ക്ക് ഇവിടേക്കു വഴിയൊരുക്കാനാവില്ല. നിലവിൽ, പ്രദേശത്തെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ കരാറുകാർ ഏറ്റെടുക്കാത്ത സാഹചര്യമുണ്ട്. പാളം മുറിച്ചുകടന്ന് നിർമാണസാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകുന്നതിനുള്ള നിരാക്ഷേപപത്രം റെയിൽവേയിൽനിന്നു ലഭിക്കാത്തതും നഗരസഭയ്ക്കു തലവേദനയാണ്. പാലംവരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരമാകും.