അറിവിനെക്കാൾ പ്രാധാന്യം തിരിച്ചറിവിന്: ഡോ.പി. മുരളി
1458704
Thursday, October 3, 2024 6:59 AM IST
പാലക്കാട്: അറിവിനെക്കാൾ പ്രാധാന്യം തിരിച്ചറിവിനാണെന്ന നിരന്തരമുള്ള ഓർമപ്പെടുത്തലാണ് മഹാത്മജിയെന്ന് വിക്ടോറിയ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.പി. മുരളി. അറിവ് എവിടെനിന്നും കിട്ടാവുന്ന തലങ്ങൾ രൂപാന്തരപ്പെട്ടുകഴിഞ്ഞു.
നിർമിതബുദ്ധിയാണോ സ്വന്തം ബുദ്ധിയാണോ വലുതെന്ന ഗവേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അറിവ് എവിടെനിന്ന് എങ്ങനെ കിട്ടിയാലും എവിടെ എങ്ങിനെ പ്രയോഗിക്കണമെന്ന ഓർമപ്പെടുത്തലിന്റെ വ്യക്തിത്വമാണ് ഗാന്ധിജിയെന്നും ഡോ.പി. മുരളി പറഞ്ഞു.
ഗാന്ധിജയന്തിദിനത്തിൽ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ മാനവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബാലസമാജം അംഗങ്ങൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച "മഹാത്മാവിനെ അറിയുക' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗമത്സരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ.പി. മുരളി.
താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. നാലുമുതൽ ഏഴു വരെ, എട്ടുമുതൽ പ്ലസ് ടു വരെ, ഡിഗ്രിക്കു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.