തേനീച്ചകർഷകർക്ക് ഇതു നഷ്ടകാലം
1442903
Thursday, August 8, 2024 1:51 AM IST
മംഗലംഡാം: മഴക്കാലം തേനീച്ച കർഷകർക്ക് നഷ്ടങ്ങളുടെ മാസങ്ങളാണ്. ആറേഴുമാസം തേനീച്ചകൾക്ക് ഭക്ഷണം കൊടുത്ത് അവയെ സംരക്ഷിച്ചുനിർത്തണം. ഈച്ചകൾ പട്ടിണികിടന്ന് ആരോഗ്യം നഷ്ടപ്പെട്ടാൽ സീസണിൽ തേനീച്ചകളുടെ തേൻശേഖരണം കുറയും.
പഞ്ചസാര ലായനിയാണ് തീറ്റയായി നൽകുക. തേനീച്ച കൃഷി കുലത്തൊഴിലായി നടത്തിവരുന്ന തിരുവനന്തപുരത്തിനടുത്തെ മാർത്താണ്ഡത്തു നിന്നുള്ള തേനീച്ച കർഷകർ മംഗലംഡാം ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ റബർ തോട്ടങ്ങളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് തേൻ ഉൽപാദനം നടത്തുന്നത്.
തേൻ ഉല്പാദന പ്രക്രിയയിൽ മാർത്താണ്ഡത്തുക്കാരുടെ സംഭാവന ചെറുതല്ല. 350 ഈച്ച പെട്ടികൾക്ക് ഒരു തവണ നാല് ചാക്ക് (200 കിലോ) പഞ്ചസാര വേണമെന്ന് മംഗലംഡാം കരിങ്കയത്ത് തേനീച്ച കൃഷി നടത്തുന്ന മാർത്താണ്ഡം അരുമന സ്വദേശിയായ ജയൻ പറഞ്ഞു. രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുകളിൽ തീറ്റ നൽകണം.
ഇതിനായി വലിയ ചിരട്ടകൾ സ്ഥാപിച്ചാണ് രണ്ടാഴ്ചയ്ക്കുള്ള പഞ്ചസാര ലായനി സ്റ്റോക്ക് ചെയ്യുന്നത്. ഒരു തവണ 900 മില്ലി പഞ്ചസാര ലായനി ഓരോ പെട്ടിയിലും വച്ച് കൊടുക്കണം.
മഴക്കാലത്ത് തേനീച്ചകൾക്ക് പുറമെ നിന്നും ഭക്ഷണമായ തേൻ കിട്ടാത്തതിനാൽ കർഷകർ നൽകുന്ന ഈ ലായനിയിലാണ് ഈ ചെറുജീവികളുടെ നിലനിൽപ്പ്.
തോരാമഴയാണെങ്കിൽ തീറ്റ നൽകുന്ന ദിവസങ്ങളുടെ അകലം കുറക്കും. ഇത് പിന്നേയും ചെലവ് കൂട്ടും. മാർത്താണ്ഡത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് തേനീച്ചകളെ വളർത്തിയുള്ള തേൻ ഉത്പാദനം.
കേരളത്തിൽ റബർ തോട്ടങ്ങളുള്ളിടത്തെല്ലാം മാർത്താണ്ഡത്തുക്കാർ തേൻ ഉല്പാദനവുമായുണ്ട്. പഴയ വീടുകളോ കടമുറികളോ വാടകക്ക് എടുത്താണ് ഇവർ തോട്ടങ്ങൾക്ക് സമീപം താമസിക്കുക.
ഇപ്പോൾ സീസണല്ലാത്തതിനാൽ പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ ഇവർ കുടുംബമായി വന്ന് തീറ്റ നൽകി തിരിച്ച് പോകും.
ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളാണ് തേൻ സീസൺ. ഇവരുടെ ഒരു വർഷത്തെ കുടുംബ ബജറ്റുകൾ തയ്യാറാക്കുന്നതും സീസണിൽ ലഭിക്കുന്ന തേനിനനുസരിച്ചാണ്.
ഈച്ചക്കേട് വ്യാപകമാകുന്നത് തേൻ ഉൽപാദനം ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് തേനീച്ച കർഷകർ പറയുന്നു. ഒരു തോട്ടത്തിൽ 25വരെ പെട്ടികൾ വക്കും. തേൻ എടുക്കുമ്പോൾ ഒരു കിലോ വരുന്ന ഒരു കുപ്പി തേൻ തോട്ടം ഉടമക്ക് നൽകും.
തേനീച്ചകൾ വഴി കൃഷിയിടത്തിലെ വിളകളിൽ പരാഗണം വേഗത്തിലാകുന്നതിനാൽ വിളവ് കൂടുന്നതും തോട്ടം ഉടമക്ക് ഗുണമാണ്.