നല്ലേപ്പിള്ളിയിൽ നെൽകൃഷിക്കു കീടബാധ വ്യാപകം
1435899
Sunday, July 14, 2024 3:50 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി ഒന്നാംവിള നെൽകൃഷിക്ക് കീട രോഗബാധയും പുഴുക്കേടും വ്യാപകമായി കണ്ടുവരുന്നു. പതിനഞ്ചു ദിവസം മുമ്പ് നടീൽ നടത്തിയ നെൽപാടങ്ങളിലാണ് കീടബാധ. നേരത്തെ നടീൽ നടത്തി കളനാശിനി, ഒന്നാം വളം അടിവളമായി ഇട്ട പാടങ്ങളിലെ നെൽചെടികൾ പുതിയതായി ചിനപ്പുകളോ നെൽചെടികളിൽ പച്ചളിപ്പോ കാണുന്നില്ല. നടീൽ നടത്തിയ ഞാറിന്റെ ഓലകൾ കരിഞ്ഞു കുറ്റിയായി വരുന്നു.
നടീൽ നെൽചെടികളിൽ ഇളവേരു വരുന്നുമില്ല. കൂടാതെ നെൽചെടികളിൽ പുഴുക്കളും കാണുന്നു. ഭദ്ര ഇനത്തിൽപെട്ട നെല്ലിനങ്ങളിലാണ് രോഗബാധ. നാമമാത്ര കർഷകരാണ് ആദ്യം ഞാറ്റടി തയ്യാറാക്കി നടീൽ നടത്തിയത്. നീണ്ടകാലത്തെ വരൾച്ചക്ക് ശേഷം കൃഷിയിറക്കിയ കർഷകർക്ക് നെല്ലിന്റെ കീടരോഗബാധ തിരിച്ചടിയായിട്ടുണ്ട്.
നെല്ലിന്റെ രോഗപ്രതിരോധ നടപടികൾക്ക് ആവശ്യമായ കീടനാശിനികൾ കൃഷിഭവനിൽ ലഭ്യമല്ലാത്തതുകൊണ്ട് മരുന്നിനും മരുന്ന്തളിക്കും ഭീമമായ സംഖ്യ ആവശ്യമായിരിക്കുകയാണ്. ചുമതലയുള്ള കൃഷിഭവൻ ഉദ്യോഗസ്ഥർ രോഗാവസ്ഥ വിലയിരുത്തിയില്ലെങ്കിൽ കർഷകർ സ്വകാര്യ മരുന്ന് കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന മരുന്ന് പ്രയോഗിച്ചാൽ ഫലം കിട്ടാതെ വരുമെന്നും മൂപ്പു കുറവുള്ള വിത്തിനങ്ങളിൽ രോഗം ബാധിച്ചാൽ പെട്ടെന്ന് കതിരാവും എന്നുള്ളത് കൊണ്ട് ഉത്പാദനത്തിൽ കുറവുണ്ടാകുമെന്നതിൽ പാടശേഖരങ്ങളിൽ കർഷകർക്ക് സമയത്തിന് മരുന്ന് തളി നടത്താൻ പവർ സ്പ്രെയറും കീടനാശിനികളും സൗജന്യ നിരക്കിൽ വിതരണം ചെയ്യണമെന്നും മൂച്ചിക്കുന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.