കൺസഷൻ കാര്‍ഡ് ലഭ്യമാകുന്നതുവരെ വിദ്യാർഥികൾക്ക് ഇളവ് നല്‍കണം: ജില്ലാ കളക്ടര്‍
1435547
Saturday, July 13, 2024 12:28 AM IST
പാലക്കാട്: കോഴ്സ് പ്രവേശനത്തിന് ശേഷം ആര്‍ടിഒയുടെ യാത്രാനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന് കാര്‍ഡ് പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.എസ.് ചിത്ര സ്വകാര്യബസ് ഉടമകള്‍ക്ക് നിര്‍ദേശം നല്കി. വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന് കാര്‍ഡ് കാണിച്ചിട്ടും വിദ്യാര്‍ഥിയെ യാത്രാ ഇളവ് നല്‍കാതെ ഇറക്കി വിട്ടതായുളള അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. യോഗത്തില്‍ ആര്‍ടിഒ ടി.എം. ജയ്്സണ്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി.എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുളള യാത്രാനിരക്ക് ഇളവിനുളള കാര്‍ഡുകള്‍ ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളിലെ യാത്രാപ്രശ്നങ്ങള്‍ സംബന്ധിച്ച് 8547639009, 0491-2905147, 9188961009, 0491-2590040 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്ന് ആര്‍ടിഒ അറിയിച്ചു.