മോദിയും പിണറായിയും ഒരുപോലെ: വി.എം. സുധീരൻ
1429853
Monday, June 17, 2024 1:40 AM IST
ഒറ്റപ്പാലം: പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് അതാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവായിരുന്ന പി. ബാലന്റെ അനുസ്മരണസമ്മേളനം ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്ത് സുധീരൻ പറഞ്ഞു.
ഭരണഘടനയെ വെല്ലുവിളിച്ചിരുന്ന മോദി അതേ ഭരണഘടനയെ തൊഴുത് ചുംബിക്കുന്ന നിലയിലേക്ക് എത്തിച്ചത് കോൺഗ്രസാണ്. അദാനിയെ വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നുതന്നെ പുറത്താക്കിയ ഏകാധിപത്യ ശൈലി ഇനി നടക്കില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമായിരുന്നു തെരഞ്ഞെടുപ്പ് വിധി.
കേരളത്തിൽ സിപിഎമ്മിനും സംഭവിച്ചത് അതാണ് -സുധീരൻ പറഞ്ഞു.
കോൺഗ്രസിൽ സമാനതകളില്ലാത്ത നേതാവായിരുന്നു പി. ബാലൻ. നിലപാടുകളിൽ തെല്ലുപോലും മായം ചേർക്കാതെ ത്യാഗനിർഭരമായി കോൺഗ്രസിനെ വളർത്തിയെടുത്ത ശൈലി പുതുതലമുറയിലെ പാർട്ടിപ്രവർത്തകർ പിന്തുടരണമെന്നും വി.എം. സുധീരൻ പറഞ്ഞു.
യോഗത്തിൽ മുൻ മന്ത്രി വി.സി. കബീർ അധ്യക്ഷനായി. സി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ, ഡി.സി.സി. സെക്രട്ടറിമാരായ സത്യൻ പെരുമ്പറക്കോട്, കെ. ശ്രീവത്സൻ, വി.കെ.പി. വിജയനുണ്ണി, ഉണ്ണിക്കൃഷ്ണൻ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ പി. ഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ, മനോജ് ചിങ്ങന്നൂർ, ജോസ് തോമസ് പ്രസംഗിച്ചു.