വടക്കഞ്ചേരി- പുളിങ്കൂട്ടം റോഡിൽ അപകടഭീഷണിയായി വൻമരം
1429341
Saturday, June 15, 2024 12:20 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി - പുളിങ്കൂട്ടം റോഡിൽ കാരയങ്കാട് ഭാഗത്ത് ആയക്കാട് ഗ്രൗണ്ടിനു മുന്നിൽ അപകടഭീഷണിയായി ഉണങ്ങിയ വൻമരം. ഉണങ്ങി ദ്രവിച്ച മരത്തിന്റെ കൊമ്പുകൾ വാഹനങ്ങളിൽ പൊട്ടിവീണ് ദിവസവും ഇവിടെ അപകടങ്ങൾ തുടരുകയാണ്.
ആരുടെയൊക്കെയൊ ഭാഗ്യത്തിന് വലിയ അപകടം ഉണ്ടായിട്ടില്ലെന്ന് മാത്രം. അത് ഏത് സമയവും സംഭവിക്കാമെന്ന നിലയിലാണ് പാതയോരത്ത് മരം നിൽക്കുന്നത്.
ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ പാലമരത്തിനെന്ന് പ്രദേശവാസികൾ പറയുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ ജനങ്ങളും തൃശൂർ ജില്ലയിലേക്ക് ഉൾപ്പെടെ പോകുന്ന വാഹനങ്ങൾക്കും മരം ഭീഷണിയാണ്.
വാഹന തിരക്കുള്ള റോഡാണിത്. പ്രദേശത്തെ വിദ്യാലയങ്ങളിലേക്കും ക്ഷേത്രത്തിലേക്കുമൊക്കെ കാൽനടയായി ജനങ്ങൾ സഞ്ചരിക്കുന്നതും ഈ റോഡിലൂടെയാണ്.
മരത്തിന്റെ കൊമ്പുകൾ റോഡിലേക്ക് ഒടിഞ്ഞ് വീഴുമ്പോഴെല്ലാം നാട്ടുകാരും സമീപത്തെ വ്യാപാരികളും സഹകരിച്ചാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ മുറിച്ചുമാറ്റുന്നത്.
അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മെംബർ കെ. അബ്ദുൾ ഷുക്കൂർ പരാതി നൽകി.