ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ
1423012
Friday, May 17, 2024 1:30 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കിഫ്ബിയിലുൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.
13.51 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉൽഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു. ജൂണിൽ ഇതിന്റെ ഉദ്ഘാടനം നടക്കും. ജനുവരിയോടെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്. എന്നാൽ പ്രവൃത്തികൾ നീണ്ടു പോയി.
ജൂണിൽ തന്നെ കെട്ടിടത്തെ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികളും തുടങ്ങും. സോളാർ പാനലുകൾ ഉൾപ്പടെ കെട്ടിടത്തിൽ സ്ഥാപിക്കുന്നുണ്ട്. വൈദ്യുതി ഇനത്തിലുള്ള ചെലവും ഇതുവഴി കുറയ്ക്കാനാകും.
ആശുപത്രിയിലെ നിർദിഷ്ട രക്തബാങ്ക് പദ്ധതി വേഗത്തിൽ തുടങ്ങാനും ധാരണയായിട്ടുണ്ട്. ലൈസൻസ് ലഭിക്കുന്നതിനുള്ള സാങ്കേതികതടസം ഒഴിവാക്കാൻ പരിശീലനം ലഭിച്ച ടെക്നീഷ്യനെ ജോലിക്രമീകരണത്തിലൂടെ ആശുപത്രിയിൽ ചുമതലപ്പെടുത്തും.
താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തെ ദേശീയാരോഗ്യദൗത്യത്തിന്റെ ലക്ഷ്യ(ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) നിലവാരത്തിലേക്ക് ഉയർത്തും.
ഇതിനാവശ്യമുള്ള പണം എംഎൽഎ ഫണ്ടിൽ നിന്ന് വിനിയോഗിക്കും. അടഞ്ഞുകിടക്കുന്ന കുട്ടികളുടെ ഐസിയു പ്രവർത്തനമാരംഭിക്കാൻ ജീവനക്കാർക്കു പരിശീലനം നൽകാനുള്ള നിർദേശവും നൽകിക്കഴിഞ്ഞു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.