വിഷുവിനും ശമ്പളം കിട്ടാത്തതിനാൽ പ്രതിഷേധക്കണി ഒരുക്കി
1416383
Sunday, April 14, 2024 6:14 AM IST
പാലക്കാട്: വിഷുവെത്തിയിട്ടും കെഎസ്ആർടിസി ജീവനക്കാരന് മാർച്ച് മാസത്തെ ശമ്പളം പൂർണമായി നൽകാത്തതിനെതിരെ പാലക്കാട് ഡിപ്പോയിൽ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രതിഷേധകണി ഒരുക്കി.
വിഷുക്കണി ഒരുക്കി അതിൽ സർക്കാർ കെഎസ്ആർടിസി ജീവനക്കാരോട് ചെയ്ത ദ്രോഹ നടപടികൾ പ്ലക്കാർഡാക്കി കുത്തിവെച്ചാണ് പ്രതിഷേധകണി ഒരുക്കിയത്. തുടർന്നു നടന്ന പ്രതിഷേധ കൂട്ടായ്മ എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ജീവനക്കാരും മലയാളികളാണെന്നും എല്ലാ മലയാളികളേയും പോലെ വിഷു ആഘോഷിക്കാനുള്ള സാഹചര്യം നിഷേധിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ ജീവനക്കാരുടെ ബലഹീനതയായി സർക്കാർ കണക്കാക്കരുതെന്നും ഇത്തരം നടപടികൾ തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് വി. വിജയൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി. പ്രമോദ്, എം. കണ്ണൻ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങളായ എൽ. രവി പ്രകാശ്, എം. മുരുകേശൻ, എൽ. മധു, പി.സി. ഷാജി, എൻ. സുബ്രഹ്മണ്യൻ, യു. തുളസീദാസ്, സി. രാജഗോപാൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.