കുട്ടികളുടെ നീന്തൽപരിശീലനം പൂർത്തിയായി
1416382
Sunday, April 14, 2024 6:14 AM IST
പാലക്കാട്: മുങ്ങിമരണം പ്രതിദിനം വാർത്തയാകുന്ന സാഹചര്യത്തിൽ വിദ്യാലങ്ങളിൽ കായിക പരിശീലനത്തോടൊപ്പം നീന്തൽ പരിശീലനവും ഉൾപ്പെടുത്തണമെന്ന് അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് കെ.എൽ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലും എലപ്പുള്ളി ജനമൈത്രി പോലീസും ചേർന്ന് സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അണുകുടുംബങ്ങളിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവർ കുട്ടികളാണെന്നും ആധുനിക ജീവിത സാഹചര്യങ്ങൾക്ക് ഇണങ്ങുന്നവരായി മാറുന്നതിന് ഓയിസ്ക ഇന്റർനാഷണലും ജനമൈത്രി പോലീസും ഏർപ്പെടുത്തുന്ന പരിശീലനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
തേനാരി ശ്രീരാമക്ഷേത്ര നീന്തൽ കുളത്തിൽ നടന്ന നീന്തൽ പരിശീലനത്തിൽ 172 കുട്ടികൾ പരിശീലനം പൂർത്തിയാക്കി. ഓയിസ്ക സൗത്ത് ഇന്ത്യ യൂത്ത് ഫോറം ഡയറക്ടർ ഡോ.എൻ. ശുദ്ധോധനൻ അധ്യക്ഷത വഹിച്ചു. ഓയിസ്ക സംസ്ഥാന കമ്മിറ്റി അംഗം പ്രിയ വെങ്കിടേഷ്, എലപ്പുള്ളി ചാപ്റ്റർ പ്രസിഡന്റ് വി. ചെന്താമര, സെക്രട്ടറി ആർ. ബാബു, രവി എലപ്പുള്ളി, തേനാരി ക്ഷേത്ര സമിതി ഭാരവാഹികൾ, നീന്തൽ പരിശീലകൻ കെ.എൽ. സുന്ദർ, എസ്എൻപിഎസ് പ്രിൻസിപ്പൽ എസ്. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.